മൂവാറ്റുപുഴ : ഇടുങ്ങിയ വഴികളും, ചോർന്നൊലിച്ച് ചിതലരിച്ച വീടുകളും ഇനി പഴങ്കഥ. മാറാടിയിൽ എം എൻ ഭവന പദ്ധതിയിൽ നിർമ്മിച്ച കുന്നുംപുറം ലക്ഷംവീട് കോളനിയിൽ ആധുനിക സൗകര്യങ്ങളോടെ ടൗൺഷിപ്പ് മാതൃകയിൽ ഭവന പദ്ധതി ഒരുങ്ങുന്നു.
പദ്ധതിയുടെ ഭാഗമായി മാറാടി പഞ്ചായത്തിലെ 6 ആം വാർഡിലെ എം എൻ ഭവന പദ്ധതിയിൽ നിർമിച്ച കാലപ്പഴക്കം ചെന്ന 11 വീടുകളും പൊളിച്ചുമാറ്റി.
കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകളുടെയും തൃതല പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ചും സുമനസ്സുകളുടെ സഹായത്തോടെയും പഞ്ചായത്ത് പ്രസിഡൻ്റ് ഒ.പി ബേബി സ്വന്തം നിലക്ക് കണ്ടെത്തിയ ഫണ്ടുകളും കൂടി ഉപയോഗിച്ചാണ് പദ്ധതി നടപ്പിലാക്കുക.
1973 ൽ കുന്നുംപുറത്തെ എം എൻ ഭവന പദ്ധതിലുടെ നിർമിച്ച ലക്ഷംവീടുകൾ
ഏത് നിമിഷവും ഇടിഞ്ഞ് വീഴാറായ അവസ്ഥയിലായിരുന്നു. അറ്റകുറ്റപ്പണികൾ ചെയ്യാതെ ചോർന്നൊലിച്ച്, വിണ്ട് കീറിയ ഭിത്തികളും. ചിതലരിച്ച പട്ടികകളും, ടാർപ്പ വലിച്ചുകെട്ടിയ മേൽക്കൂരയ്ക്ക് കീഴിൽ ഉള്ള ഇരട്ട വീടുകളിൽ ഭീതിയോടെ കഴിഞ്ഞിരുന്ന ആളുകളുടെ അവസ്ഥ വാർഡ് മെമ്പർ രതീഷ് ചെങ്ങാലിമറ്റം പഞ്ചായത്ത് പ്രസിഡന്റ് ഒ പി ബേബിയുടെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു. ഉടൻ തന്നെ ലക്ഷം വീടുകളിലെ ആളുകളെ നേരിൽ പോയികാണുകയും. ഗുരുതര രോഗം ബാധിച്ചവരും, പ്രായാധിക്യം മൂലം കഷ്ടത അനുഭവിക്കുന്ന ഇവരുടെ അവസ്ഥ നേരിൽ കണ്ട പ്രസിഡന്റ് ഉടനെ തന്നെ അവർക്ക് വീട്പണിത് നൽകാം എന്ന് ഉറപ്പുനൽകി.
വീടുപണിയുന്നതിന് ഏറ്റവും പ്രധാനപ്പെട്ട ഒരു പ്രശ്നം എം എൻ ഭവന പദ്ധതി പ്രകാരം നിർമ്മിച്ച ലക്ഷം വീടുകൾക്ക് ഉള്ളിലേക്ക് മൂന്നടി മാത്രം വീതിയുള്ള ഒരു നടപ്പ് വഴി മാത്രമാണ് ഉണ്ടായിരുന്നത്. രണ്ട് ഭാഗങ്ങളിലായി 200 മീറ്ററോളം അകലെയുള്ള വീടുകളിലേക്ക് വീട് പണിക്ക് ആവശ്യമായ സാധനങ്ങൾ തലച്ചുമടായി കൊണ്ടുപോകേണ്ട അവസ്ഥയിലായിരുന്നു, ആദ്യം തന്നെ അവിടേക്ക് വലിയ വാഹനങ്ങൾ എത്തുന്നതിന് ഒരു റോഡ് നിർമ്മിച്ച് കോൺക്രീറ്റ് ചെയ്തു. തുടർന്ന് നിലവിലെ വീടുകൾ പൊളിച്ചു മാറ്റി കുത്തനെ ഉള്ള പ്രദേശങ്ങളിലെ മണ്ണുകൾ നീക്കം ചെയ്ത് ലെവലുള്ള സ്ഥലമാക്കി മാറ്റി. എല്ലാ വീടുകളിലേക്കും വാഹനം എത്തുന്നതിന് വഴികൾ നിർമിച്ച് വീട് പണിയുന്നതിനുള്ള പ്ലാൻ തയ്യാറാക്കി വാനം കീറി ഉടനെ തന്നെ വീട് നിർമ്മാണം പൂർത്തിയാക്കുന്നതിനുള്ള പരിശ്രമത്തിലാണ് പഞ്ചായത്ത് പ്രസിഡണ്ട് ഒ പി ബേബി.
പദ്ധതിയുടെ നിർമ്മാണ ഉദ്ഘാടനം മുൻ എംഎൽഎ ജോസഫ് വാഴയ്ക്കൻ നിർവഹിച്ചു. 11 കുടുംബങ്ങളുടെ സ്വപ്നമാണ് ഇതിലൂടെ യാഥാർത്ഥ്യമാകുന്നതെന്ന് പ്രസിഡൻറ് ഓ പി ബേബി പറഞ്ഞു. അവശതഅനുഭവിക്കുന്ന നിർധന കുടുംബങ്ങൾക്ക് വീട് വെച്ച് നൽകുന്നതിനായി രാഹുൽ കൺസ്ട്രക്ഷൻ എം ഡി രാജു ചാക്കോ ആടുകുഴി 25 ലക്ഷം രൂപ നൽകാമെന്ന് പഞ്ചായത്ത് പ്രസിഡണ്ടിന് ഉറപ്പു നൽകി. വൈ എം സി എ പ്രസിഡന്റ് രാജേഷ് മാത്യു, ഷാൻസ് പോൾ, ഫെലെക്സി കെ വര്ഗീസ്, കുര്യാക്കോസ് ഇത്തുണിക്കൽ ലയൺസ് ക്ലബ്ബ് ഭാരവാഹികൾ തുടങ്ങിയവർ സഹായഹസ്തവുമായി ഇവർക്കൊപ്പം ഉണ്ട്. പഞ്ചായത്ത് വൈസ് പ്രസിഡൻറ് അജി മെമ്പർമാരായ സാജു, ജിഷ ജിജോ, അഡ്വ. ബിനീഷ് ഷൈമോൻ, രമ രാമകൃഷ്ണൻ, ഷൈനി മുരളി, സരള രാമൻ നായർ, ഷിജി ഷാമോൻ, ലയൻസ് ക്ലബ്ബ് ഭാരവാഹികളായ ജഗൻ ജെയിംസ്, ജയ ബാലചന്ദ്രൻ, നീന സജീവ്, എൻ എം വർഗീസ്, ടോമി പാലമല, സി പി ജോയ്,വി.ജി ഏലിയാസ്, സാജു കുന്നപ്പിള്ളി, മാത്യു ഉറുമ്പിൽ സജി പൈറ്റാ ട്ടിൽ, ജയ്സൺ സി വി, ബെന്നി എരപ്പിൽ, സി പൗലോസ് മണിതോട്ടം, ജോർജ് മുടവന്തിൽ, ബിജു മണ്ണാർ കുഴി, ഷിയാസ് ടി കെ തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു