കട്ടപ്പന: തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കെ വോട്ടിനു വേണ്ടി മാത്രം നടത്തുന്ന തട്ടിപ്പ് പാക്കേജിനെ ജനങ്ങള്‍ തള്ളിക്കളയുമെന്ന് ഡീന്‍ കുര്യാക്കോസ് എം.പി. 2016ല്‍ അധികാരത്തില്‍ വന്ന അന്നു മുതല്‍ ഇടുക്കിക്കാരെ വഞ്ചിച്ച മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നും ഡീന്‍ വിമര്‍ശിച്ചു.
കഴിഞ്ഞ അഞ്ചു വര്‍ഷക്കാലം യാതൊരു വിധ ആശ്വാസ നടപടിയും ഉണ്ടായിട്ടില്ല. 2019 ല്‍ ലോകസഭാ തെരഞ്ഞെടുപ്പിനു തൊട്ടു മുന്‍പ് തോമസ് ഐസക്ക് അവതരിപ്പിച്ച ബഡ്ജറ്റ് പ്രസംഗത്തിന്റെ മറുപടിയിലാണ് 5000 കോടിയുടെ പാക്കേജ് ആദ്യം പ്രഖ്യാപിച്ചത്. ആ പാക്കേജ് കേവലം തട്ടിപ്പ് മാത്രമായിരുന്നു. പദ്ധതി തയ്യാറാക്കലോ, കാര്യനിര്വഹണമോ, നടത്തിപ്പോ ഇല്ലാതെ നാട്ടുകാരെ പറ്റിക്കാന്‍ മാത്രമായുള്ള വാചാടോപം മാത്രമായി അതവസാനിച്ചു. പിന്നീട് 2020ല്‍ 1000 കോടി രൂപയുടെ പാക്കേജ് കൂടി പ്രഖ്യാപിച്ചു. അതും പ്രഖ്യാപനത്തില്‍ മാത്രമായി ഒതുങ്ങുകയായിരുന്നു. മുന്‍പ് പ്രഖ്യാപിച്ചതെല്ലാം കൂസാതെ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് കാത്തിരിക്കുമ്പോള്‍ നടത്തുന്ന വാചക കസര്‍ത്ത് അവസാനിപ്പിക്കണമെന്നും ഡീന്‍ പറഞ്ഞു.
2019 ആഗസ്റ്റിലെ കരിനിയമം പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. നിര്‍മ്മാണ നിരോധന ഉത്തരവ് ഉള്‍പ്പടെ ഇപ്പോഴും നിലനില്‍ക്കുകയാണ്. കുത്തകപ്പട്ട വസ്തുവില്‍ സര്‍വ്വേ നടപടികള്‍ക്ക് വനം വകുപ്പിന് അനുമതി നല്കിയതും ഈ സര്‍ക്കാര്‍ ആണ്. പട്ടയ വസ്തുവിലെ മരം മുറിക്കാനുള്ള അനുമതി റദ്ദുചെയ്തത് പിന്‍വലിച്ചിട്ടില്ല. ഈ വിധത്തില്‍ ഭരണ കാലാവധിയുടെ അവസാന സമയത്ത് പോലും ഇടുക്കിയിലെ ജനങ്ങളോട് നീതികേട് ചെയ്ത ഭരണ നേതൃത്വത്തോടുള്ള കടുത്ത പ്രതിഷേധം രേഖപ്പെടുത്താനാണ് മുഖ്യ മന്ത്രിയുടെ പ്രഖ്യാപനമാമാങ്കം യു.ഡി.എഫ് നേതൃത്വത്തിന്റെ നിര്‍ദ്ദേശം അനുസരിച്ച് ബഹിഷ്കരിക്കാന്‍ തീരുമാനിച്ചത് എന്നും ഡീന്‍ കുര്യാക്കോസ് എം.പി അറിയിച്ചു.


