മൂവാറ്റുപുഴ : പ്രതിസന്ധിയിലായിരിക്കുന്ന മൂവാറ്റുപുഴ നഗരവികസന പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നഗരവികസന ജനകീയ സമിതി ഭീമഹര്‍ജി നല്‍കും. കാലതാമസം, നടത്തിപ്പിലെ നിരന്തര വീഴ്ചകള്‍, വിവിധ വകുപ്പുകളുടെ ഏകോപനമില്ലായ്മ എന്നിവ കൊണ്ട് പദ്ധതി അവതാളത്തിലായത് ചൂണ്ടി കാട്ടിയാണ് ഹര്‍ജി നല്‍കുക. ഇതിനായുള്ള ഒപ്പുശേഖരണത്തിന് ഇന്ന് തുടക്കമാവും.
കെ. എസ്. ടി. പി. പദ്ധതി രൂപരേഖയനുസരിച്ചുള്ള ഭൂമി ഏറ്റെടുക്കല്‍ നടത്തുകയും നിലവിലുള്ള റോഡ് പുറമ്പോക്കിലെയും ഏറ്റെടുത്ത ഭൂമിയിലെയും മുഴുവന്‍ കൈയ്യേറ്റങ്ങളും അടിയന്തിരമായി ഒഴിപ്പിച്ചെടുത്ത് പദ്ധതി പ്രകാരമുള്ള പാര്‍ക്കിംഗ് സൌകര്യങ്ങളുള്പ്പടെ ലഭ്യമാക്കുന്നതിനും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കണമെന്ന് ഹര്‍ജിയില്‍ ആവശ്യമുണ്ട്.
മര്‍ച്ചന്റ്സ് അസോസിയേഷന്, റസിഡന്റ്സ് അസോസിയേഷനുകള്‍, പ്രസ് ക്ലബ്ബ്, കലാ സാംസ്ക്കാരിക സംഘടനകള്‍, വിവിധ ക്ലബ്ബുകള്‍, സ്ക്കൂളുകള്‍ എന്നിവയുടെ ഭാരവാഹികളെ വിളിച്ചുചേര്‍ത്തുകൊണ്ട് മര്‍ച്ചന്റ്സ് അസോസിയേഷന് മുന്‍കൈയ്യെടുത്ത് ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
ബുധനാഴ്ച രാവിലെ 10 മണിക്ക് നഗരസഭാ മന്ദിരത്തിന് മുന്നിലെ ഗാന്ധിപ്രതിമയുടെ മുന്നില്‍ നഗരത്തിലെ വ്യത്യസ്തമേഖലകളില്‍ പ്രവര്‍ത്തിക്കുന്ന 10 വ്യക്തികള്‍ ചേര്‍ന്നാണ് ഒപ്പുശേഖരണം ഉദ്ഘാടനം ചെയ്യുന്നത്. തുടര്‍ന്ന് വിവിധ നഗരത്തിലെ വിവിധയിടങ്ങളില്‍ ഒപ്പുശേഖരണം നടക്കും. കൂടാതെ ഓണ്‍ലൈനായും നിവേദനത്തില്‍ ഒപ്പുവയ്ക്കാനുള്ള സൌകര്യമുണ്ടെന്ന് ഭാരവാഹികളായ
അജ്മല്‍ ചക്കുങ്ങല്‍, മോഹന്‍ദാസ് എസ്, പ്രമോദ്കുമാര്‍ എം. ബി., സുര്‍ജിത് എസ്തോസ് എന്നിവര്‍ പറഞ്ഞു.
കെ. എസ്. ടി. പി. 2009ല്‍ തയ്യാറാക്കി അംഗീകരിച്ച രൂപരേഖ പ്രകാരമുള്ള 1.8 കിലോമീറ്റര്‍ വരുന്ന നഗരവികസന പദ്ധതി, കിഫ്ബി സഹായത്തോടെ കെ. ആര്. എഫ്. ബി. യ്ക്ക് നടത്തിപ്പു ചുമതല കൈമാറി കരാര്‍ കാലാവധി കഴിഞ്ഞ് മാസങ്ങള്‍ പിന്നിട്ടിട്ടും യാഥാര്‍ത്ഥ്യമാകാത്തതില്‍ വലിയ ബുദ്ധിമുട്ടാണ് സാധാരണ ജനങ്ങള്‍ അനുഭവിക്കുന്നത്. സമയബന്ധിതമായി നടപ്പാക്കാത്ത ഈ പദ്ധതി നഗരത്തെയും ഇവിടുത്തെ റോഡുകളെയും ആശ്രയിക്കുന്ന സ്ത്രീകള്‍, സ്ക്കൂള് വിദ്യാര്‍ത്ഥികള്‍, വിവിധ ആവശ്യങ്ങള്‍ക്കായി നഗരത്തിലെത്തുന്ന സാധാരണക്കാര്‍, കാല്‍നടയാത്രക്കാര്‍, വ്യാപാരികള്‍, നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തെ ആശ്രയിക്കുന്ന പ്രവാസികള്‍, എം. സി. റോഡുവഴി കടന്നുപോകുന്ന പതിനായിരക്കണക്കിന് വാഹനയാത്രക്കാര്‍ തുടങ്ങി സമസ്തമേഖലകളിലെയും ജനങ്ങളെ ദുരിതത്തിലാഴ്ത്തിയിരിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. വരാനിരിക്കുന്ന ഓണക്കാലവും ശബരിമല തീര്‍ത്ഥാടനകാലവും ദുരിതപൂര്‍ണ്ണമായിരിക്കും.


