മൂവാറ്റുപുഴ: അധസ്ഥിത ജനതയുടെ വിമോചന പോരാളിയായിരുന്ന മഹാത്മ അയ്യങ്കാളിയുടെ സ്മാരകം മൂവാറ്റുപുഴയില്‍ യാഥാര്‍ത്ഥ്യമാകുന്നു. അയ്യങ്കാളിയുടെ ശാശ്വത സ്മരണ നിലനിര്‍ത്തുന്നതിന് മൂവാറ്റുപുഴ നഗരസഭ അദ്ദേഹത്തിന്റെ പൂര്‍ണകായ പ്രതിമ 30 ന് അനാച്ഛാദനം ചെയ്യും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണ് സ്മാരകം നാടിന് സമര്‍പ്പിക്കുന്നത്. ദളിത് പിന്നാക്ക ജന വിഭാഗങ്ങളുടെ ദീര്‍ഘകാല ആവശ്യമാണ് നിറവേറുന്നതെന്ന് നഗരസഭ ചെയര്മാന് പി.പി. എല്‍ദോസ് വ്യക്തമാക്കി. നഗരസഭ ഫണ്ടാണ് ഇതിനായി ചിലവഴിച്ചിരിക്കുന്നത്.
തൊടുപുഴ വെള്ളിയാമറ്റം ചാമപ്പാറയില്‍ ജൂബിലന്റ് ഉണ്ണി എന്ന ശില്പിയാണ് ആറര അടി ഉയരമുള്ള പൂര്‍ണകായ പ്രതിമ തീര്‍ത്തിരിക്കുന്നത്. ഇതിന്റെ അവസാന മിനുക്കു പണിയിലാണ് ശില്പി. കമ്പി, അയണ്‍ നെറ്റ്, കളിമണ്ണ്, സിമന്റ് തുടങ്ങിയവ ഉപയോഗിച്ച് ഒരു ടണ്‍ ഭാരം വരുന്ന പ്രതിമ ആണ് നിര്‍മിച്ചിരിക്കുന്നത്.സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒട്ടേറെ ശില്പങ്ങളും കൗതുക നിര്‍മിതികളും, മഹാത്മാഗാന്ധി അടക്കം പ്രമുഖരുടെ പ്രതിമയും നിര്‍മിച്ച് ശ്രദ്ധേയനായ കലാകാരനാണ് ജൂബിലിയന്റ് ഉണ്ണി. പി.ഒ. ജങ്ഷനില്‍ ജനറല്‍ ആശുപത്രിക്ക് സമീപം പിറവം റോഡിന്റെ ഓരത്താണ് അയ്യങ്കാളിയുടെ പൂര്‍ണകായ പ്രതിമ സ്ഥാപിക്കുന്നത്. ഇതിനാവശ്യമായ പീഠം അടക്കമുള്ള സൗകര്യങ്ങളെല്ലാം ഒരുക്കിയിട്ടുണ്ട്.
രാവിലെ 11ന് നടക്കുന്ന സമര്‍പണ സമ്മേളനത്തില്‍ ഡീന്‍ കുര്യാക്കോസ് എം.പി., എം.എല്‍.എ. മാരായ ഡോ. മാത്യു കുഴല്നാടന്, പി.വി. ശ്രീനിജന്, അനൂപ് ജേക്കബ്, എല്‍ദോസ് കുന്നപ്പിളളി, കെ.പി.എം.എസ്. ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍, മൂവാറ്റുപുഴ നഗരഭ ചെയര്മാന് പി.പി. എല്‍ദോസ്, വൈസ് ചെയര്‍പഴ്സണ്‍ സിനി ബിജു. സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന്മാരായ ജോസ് കുര്യാക്കോസ്, അജി മുണ്ടാട്ട്, മീര കൃഷ്ണന്, നിസ അഷറഫ്, പി.എം. അബ്ദുള്‍ സലാം, വിവിധ രാഷ്ട്രീയ, മത, സാമൂഹീക, സാംസ്കാരിക സംഘടന പ്രതിനിധികള്‍ സംബന്ധിക്കും.