മൂവാറ്റുപുഴ : തിരക്കേറിയ കൊച്ചി – ധനുഷ് കോടി റോഡില്‍ സുരക്ഷാ സംവിധാനം ഏര്‍പ്പെടുത്താതെ ഓട നിര്‍മിക്കാനായി റോഡരികില്‍ കുഴിച്ചിരിക്കുന്ന നീളമുള്ള കുഴിയിലേക്ക് വാഹനങ്ങള്‍ തെന്നിവീണ് അപകടങ്ങള്‍ നിത്യസംഭവമാകുന്നു.
മഴക്കാലമായതോടെ കുഴിയില്‍ വെള്ളം നിറഞ്ഞ് കിടക്കുന്നതിനാല്‍ ഓടയും , റോഡും തിരിച്ചറിയാന്‍ കഴിയാത്തതും അപകടത്തിന് കാരണമാവുന്നുണ്ട്. റോഡില്‍ രാത്രി തെരുവു വിളക്കുകള്‍ അപൂര്‍വം സ്ഥലങ്ങളില്‍ മാത്രമാണ് ഉള്ളത്. റോഡരികിലെ കുഴികള്‍ക്ക് അരികില്‍ പ്ലാസ്റ്റികള്‍ വള്ളികള്‍ വലിച്ചു കെട്ടിയിരിക്കുന്നതല്ലാതെ സുരക്ഷ സംവിധാനങ്ങളൊന്നും ഒരുക്കിയിട്ടില്ല. നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ റോഡിനു പലഭാഗത്തും വീതി കുറഞ്ഞിരിക്കുകയാണ്.
കൊടും വളവുകളില്‍ അടക്കം നീളത്തില്‍ കുഴികള്‍ എടുത്ത ശേഷം ഇവിടെ ഒരു ജോലിയും നടത്താതെ ഇട്ടിരിക്കുന്ന സ്ഥലങ്ങളും ഏറെയാണ്. സുരക്ഷ സംവിധാനങ്ങളും മുന്നറിയിപ്പു സംവിധാനങ്ങളും ആവശ്യത്തിനില്ലാത്തതിനാല്‍ രാത്രി റോഡിലൂടെ വരുന്ന യാത്രക്കാരുടെ ശ്രദ്ധ തെറ്റിയാല്‍ അപകടം സംഭവിക്കുമെന്നതാണ് സ്ഥിതി.
കൂരിരുട്ടില്‍ മഴയില്‍ രാത്രി നാമമാത്രമായി റോഡില്‍ സ്ഥാപിച്ചിരിക്കുന്ന പ്ലാസ്റ്റിക് വള്ളികള്‍ അകലെ നിന്നുമനസ്സിലാകുകയും ഇല്ല. മതിയായ സുരക്ഷാ സംവിധാനവും മുന്നറിയിപ്പു ബോര്‍ഡുകളും സ്ഥാപിച്ച് അപകടങ്ങള്‍ ഒഴിവാക്കണമെന്ന ആവശ്യപ്പെട്ട് നാട്ടുകാര്‍ സമരത്തിന് ഒരുങ്ങുകയാണ്.


