കോതമംഗലം : നവീകരണം പൂർത്തിയായി നെല്ലിക്കുഴി ഗ്രാമപഞ്ചായത്തിലെ കുരുമ്പിനാംപാറയിലെ ചിറയ്ക്ക് പുതുജീവൻ . പതിനേഴാം വാർഡിൽ കുരുമ്പിനാംപാറയിലുള്ള പൊതു ചിറയാണ് കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് നവീകരിച്ചത്. ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പത്ത് ലക്ഷം രൂപ ചെലവഴിച്ചാണ് ചിറയ്ക്ക് സംരക്ഷണ ഭിത്തിയും വേലിയും നിർമ്മിച്ചത്.കുടിവെള്ളത്തിന് നൂറുകണക്കിന് കുടുംബങ്ങൾ ആശ്രയിക്കുന്ന ചിറയാണിത്. പ്രദേശത്തെ പ്രധാന ജലസ്രോതസ്സ് എന്ന നിലയിലാണ് ബ്ലോക്ക് പഞ്ചായത്ത് സംരക്ഷണ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് പൂർത്തിയാക്കിയത്.
ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ നിരവധി കുടിവെള്ള പദ്ധതികൾ ആണ് ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്നത്. അതിനൊപ്പം തന്നെ പഞ്ചായത്ത് പരിധിയിൽ വരുന്ന ചിറകളും കുളങ്ങളും മറ്റു ജലസ്രോതസ്സുകളും സംരക്ഷിക്കുകയാണ് ലക്ഷ്യം. കുരുമ്പിനാംപാറയിലെ ചിറയിൽ ഇനിയും ചില പ്രവർത്തികൾ ചെയ്യേണ്ടതുണ്ട് എന്നും വരും നാളുകളിൽ തൃതല പഞ്ചായത്തുകൾ സംയുക്തമായി അത് നടപ്പിലാക്കാൻ ശ്രമിക്കുമെന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം ബഷീർ പറഞ്ഞു.


