മൂവാറ്റുപുഴ : കനത്ത മഴയും വെയിലും മേറ്റ് ദുരിതത്തിൽ ആയ യാത്രക്കാർക്ക് താൽക്കാലിക വെയിറ്റിംഗ് ഷെഡും വിശ്രമ കേന്ദ്രവും നിർമ്മിച്ചു നൽകി മർച്ചന്റ്സ് അസോസിയേഷൻ വീണ്ടും മാതൃകയായി. കച്ചേരി താഴത്ത് കാവുംപടി റോഡിൽ നഗരസഭയ്ക്ക് മുന്നിലെ ഗാന്ധി പ്രതിമയ്ക്ക് സമീപമാണ് വെയിറ്റിംഗ് ഷെഡ് നിർമ്മിച്ചത്.
ദിവസേന നൂറുകണക്കിന് യാത്രക്കാരാണ് കനത്ത മഴയിലും വെയിലിലും ഇവിടെ ദുരിതമനുഭവിച്ചു പോന്നത്. സ്കൂൾ കുട്ടികൾ അടക്കം ഇവിടെ നിന്നായിരുന്നു ബസ് കയറിയിരുന്നത്. താൽക്കാലിക വെയിറ്റിംഗ് ഷെഡ് ഒരുക്കാൻ ആരും തയ്യാറാവാതെ വന്നതോടെയാണ് മർച്ചൻസ് അസോസിയേഷൻ താൽക്കാലിക വെയിറ്റിംഗ് ഷെഡ് നിർമ്മിച്ചു നൽകിയതെന്ന് മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡൻറ് അജ്മൽ ചക്കുങ്ങൽ പറഞ്ഞു. റോഡ് നിർമ്മാണം പൂർത്തിയാകുംവരെ ഷെഡ് നിലനിർത്താനാണ് തീരുമാനം.
നഗരവികസന നിർമ്മാണ പ്രവർത്തനങ്ങൾ മൂലം നഗരത്തിൽ വ്യാപാരികൾ കച്ചവടമില്ലാതെ ദുരിതത്തിൽ ആണ്. നൂറുകണക്കിന് കടകളാണ് പൂട്ടിപ്പോയത്. ഒട്ടുമിക്ക കടകളും കച്ചവടമില്ലാതെ അടച്ചുപൂട്ടലിന്റെ വക്കിലാണ്. വലിയ ദുരിതത്തിനിടയിലാണ് വെയിറ്റിംഗ് ഷെഡ് നിർമ്മിക്കാൻ മർച്ചൻസ് അസോസിയേഷൻ തീരുമാനം എടുത്തത്.
മർച്ചന്റ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി കലൂർ ഗോപകുമാർ, ഭാരവാഹികളായ പിയു ഷംസുദ്ദീൻ,ബോബി നെല്ലിക്കൽ, പി എം ടി ഫൈസൽ, വനിതാ വിങ്ങ് ട്രഷറർ ബിജി സജീവ്,സലാം എവറസ്റ്റ് തുടങ്ങിയവർ സംബന്ധിച്ചു.