മൂവാറ്റുപുഴ: ആരക്കുഴ ഗ്രാമപഞ്ചായത്തില്‍ മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റി (എംസിഎഫ്) നിര്‍മ്മാണത്തിനായി എംവിഐപി സ്ഥലം അനുവദിച്ചതായി മാത്യുകുഴല്നാടന് എംഎല്‍എ അറിയിച്ചു. ഇടതുകര മെയിന്‍ കനാലിന്റെ ചെയിനേജ് 17840 മീറ്ററിനും 17935 മീറ്ററിനും ഇടയില്‍ കനാല്‍ ബണ്ട് റോഡിന് വലതുവശത്തായി നിലവിലുള്ള വൃദ്ധസദനത്തിനോട് ചേര്‍ന്ന് രാമമംഗലം – തൊടുപുഴ പ്രധാന പാതയുടെ വശത്തായി നിലവിലുള്ള 9.285 ആര് സ്ഥലമാണ് അനുവദിച്ചത്. സ്ഥലത്തിന്റെ ഉടമസ്ഥാവകാശം പൂര്‍ണ്ണമായി ജലസേചന വകുപ്പില്‍ നിലനിര്‍ത്തിക്കൊണ്ടാണ് അനുമതി നല്‍കിയിരിക്കുന്നത്.
സ്ഥലം അനുവദിക്കുന്നതിന് ആവശ്യപ്പെട്ട് പഞ്ചായത്ത് അധികൃതര്‍ എംഎല്‍എക്ക് നേരത്തെ നിവേദനം സമര്‍പ്പിച്ചിരുന്നു. പദ്ധതിക്കായി 2023-24 വാര്‍ഷിക പദ്ധതിയില്‍ ആരക്കുഴ പഞ്ചായത്ത് 20 ലക്ഷം രൂപ വകകൊള്ളിച്ചിട്ടുണ്ട്.
തനതു ഫണ്ടു കുറവുള്ള കാര്‍ഷിക മേഖലയായ ഈ പഞ്ചായത്തിന് പണം നല്കി സ്ഥലം വാങ്ങുന്നത് സാധ്യമല്ലാത്തതും, ഹരിത കര്‍മ്മസേന ശേഖരിക്കുന്ന ഖരമാലിന്യങ്ങള്‍ സംഭരിക്കുന്നതിനും തരംതിരിച്ച് പ്രോസ്സസിംഗ് ചെയ്യുന്നതിനും എംസിഎഫ് അത്യാവശ്യമായതുകൊണ്ടും സ്ഥലം എംസിഎഫ് നിര്‍മ്മാണത്തിനായി ടി സ്ഥലത്തിന്റെ ഉടമസ്ഥതാവകാശം എംവിഐപിയി യില്‍ നിലനിര്‍ത്തിക്കൊണ്ട് ആരക്കുഴ ഗ്രാമപഞ്ചായത്തിന് പെര്‍മിസ്സീവ് സാങ്ഷന് അനുവദിച്ചു നല്‍കണമെന്നാവശ്യപ്പെട്ടായിരുന്നു എം.എല്‍.എ മന്ത്രിയെ സമീപിച്ചത്. തുടര്‍ന്നാണ് നിലവിലുള്ള എം.വി.ഐ.പി വക 9.285 ആര് സ്ഥലം, ഉടമസ്ഥാവകാശം പൂര്‍ണ്ണമായും ജലസേചന വകുപ്പില്‍ നിലനിര്‍ത്തിക്കൊണ്ട് എംസിഎഫ് നിര്‍മ്മാണത്തിനായി ഉപയോഗിക്കുന്നതിന് ആരക്കുഴ ഗ്രാമപഞ്ചായത്തിന് അനുമതി നല്‍കിയത്


