മുവാറ്റുപുഴ : മുവാറ്റുപുഴ കെഎസ്ആർടിസി ബസ് സ്റ്റാൻഡ് നവീകരണത്തിന്റെയും പുതിയ കെട്ടിടസമുച്ചയത്തിന്റെയും നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. പദ്ധതിയുടെ നിർമ്മാണ ഉദ്ഘാടനം ഡോ. മാത്യു കുഴൽനാടൻ എംഎൽഎ നിർവഹിച്ചു. നഗരസഭ ചെയർമാൻ പി.പി എൽദോസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
ഒരു പതിറ്റാണ്ടായി നിർമ്മാണ പ്രവർത്തനങ്ങൾ മുടങ്ങി പ്രാഥമിക സൗകര്യങ്ങൾ പോലും നിർവഹിക്കാൻ പറ്റാത്ത ശോചനിയാവസ്ഥയിലായിരുന്നു കെഎസ്ആർടിസി ബസ് സ്റ്റേഷൻ. 4.25 കോടി രൂപ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും കെഎസ്ആർടിസിക്ക് വേണ്ടി മാറ്റുന്നതിനു മുൻപായി മൂവാറ്റുപുഴയിലെ ബസ്റ്റാൻഡിന്റെ ദുരവസ്ഥ കെഎസ്ആർടിസിയെ ബോധ്യപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിൽ സ്റ്റാൻഡിന്റെ നിർമ്മാണ പ്രവർത്തികൾക്കായി 2.75 കോടി രൂപ കെഎസ്ആർടിസി വകുപ്പിൽ നിന്നും അനുവദിച്ചിരുന്നു.
എന്നാൽ വർക്ക് ടെൻഡർ നടപടികളിലേക്ക് കടന്നപ്പോൾ ആരും എടുക്കാൻ തയ്യാറാകാതെ വന്ന സാഹചര്യത്തിൽ പല കരാറുകാരുമായി എംഎൽഎ നേരിട്ട് ബന്ധപ്പെട്ട അഭ്യർത്ഥന നടത്തിയെന്നും എന്നാൽ കെഎസ്ആർടിസി വകുപ്പ് വകയിരുത്തിയിരിക്കുന്ന ഫണ്ടിൽ നിന്നുള്ള വർക്കുകൾ എടുക്കാൻ ആരും തന്നെ തയ്യാറാവാതെ വന്ന സാഹചര്യത്തിലാണ് മൂവാറ്റുപുഴയിലെ കെഎസ്ആർടിസി നവീകരണം സാധ്യമാക്കുന്നതിനുവേണ്ടി ഒടുവിൽ 2023-24 വർഷത്തെ എംഎൽഎ ഫണ്ടിന്റെ 90% വും ഇതിലേക്ക് മാറ്റേണ്ട സാഹചര്യം ഉണ്ടായതെന്നും മാത്യു കുഴൽനാടൻ എംഎൽഎ പറഞ്ഞു.
ഒമ്പതര വർഷങ്ങൾക്ക് ശേഷം മൂവാറ്റുപുഴയിലെ കെഎസ്ആർടിസി ബസ്റ്റാന്റിന് ഒരു മുഖം കൈവരിക്കാൻ കഴിയുന്നതിൽ അഭിമാനകരമായ സന്തോഷം ഉണ്ടെന്ന് മുൻ എംഎൽഎ ജോസഫ് വാഴക്കൻ പറഞ്ഞു. വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷമാണ് മൂവാറ്റുപുഴ കെഎസ്ആർടിസി ബസ് സ്റ്റേഷന്റെ നിർമാണം പൂർത്തീകരണത്തിന്റെ പാതയിലെ എത്തുന്നത്.
മുൻ എംഎൽഎ ജോണി നെല്ലൂർ, നഗരസഭ വൈസ് ചെയർപേഴ്സൺ സിനി ബിജു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാധാകൃഷ്ണൻ, ജില്ല പഞ്ചായത്ത് അംഗം ഉല്ലാസ് തോമസ്, വിവിധ പഞ്ചായത്ത് പ്രസിഡൻ്റുമാരും രാഷ്ട്രീയ നേതാക്കളും ചടങ്ങിൽ സംസാരിച്ചു.