മൂവാറ്റുപുഴ: കടാതി -കാരക്കുന്നം എന്‍എച്ച് ബൈപ്പാസ് പദ്ധതി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതൃത്വം കേന്ദ്രമന്ത്രിക്ക് കത്ത് നല്കി. കൊച്ചി ധനുഷ്കോടി എന്‍എച്ച85 ല്‍ മൂവാറ്റുപുഴ കടാതി – കാരക്കുന്നം ബൈപ്പാസിന്റെ പദ്ധതിക്ക് മൂന്ന് പതിറ്റാണ്ടിന്റെ പഴക്കമുണ്ട്. മുടങ്ങിക്കിടന്നിരുന്ന പദ്ധതിക്ക് കഴിഞ്ഞകൊല്ലം ഡിസംബറിനാണ് പുതുജീവന്‍ വച്ചത്.
കേന്ദ്ര സര്‍ക്കാര്‍ മുഴുവന്‍ നിര്‍മ്മാണ ചിലവും വഹിക്കുന്ന പദ്ധതിക്ക് 750 കോടി രൂപ അനുവദിച്ചിരുന്നു. എന്നാല്‍ ഭൂമാഫിയയുടെ ഇടപെടല്‍ മൂലം സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ 50000 രൂപ താഴെ വില വരുന്ന പാടശേഖരത്തിന് ലക്ഷകണക്കിന് രൂപയും 1 ലക്ഷം രൂപയില്‍ താഴെ വില വരുന്ന കുന്നും പ്രദേശത്തിന് 8.5 ലക്ഷം രൂപ നഷ്ടപരിഹാരം കാണിച്ചുകൊണ്ട് സമര്‍പ്പിച്ച ഡിപിആര്‍ നിലവില്‍ ഹൈവേ മന്ത്രാലയം മരവിപ്പിച്ചിരിക്കുകയാണ്.
മൂവാറ്റുപുഴയിലെ ഗതാഗതക്കുരുക്കിന് ആശ്വാസം ആകുന്ന പദ്ധതി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബിജെപി ജില്ലാ പ്രസിഡന്റ് കെ എസ് ഷൈജു, മണ്ഡലം പ്രസിഡന്റ് അരുണ്‍ പി മോഹന്‍, മണ്ഡലം സെക്രട്ടറി അജയന് കൊമ്പന്, രഞ്ജിത്ത് രഘുനാഥ് എന്നിവരുടെ നേതൃത്വത്തില്‍ കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന് കത്ത് നല്കി.


