എറണാകുളം: അന്താരാഷ്ട്ര ദുരന്ത ലഘൂകരണ ദിനത്തോടനുബന്ധിച്ച് ‘കരുതല്‍ കാല’മെന്ന വ്യത്യസ്ത പരിപാടിയുമായി ജില്ല ദുരന്ത നിവാരണ അതോറിറ്റി. ദുരന്തങ്ങളുടെ തീക്ഷ്ണത കുറച്ച് എങ്ങനെ ലഘൂരിക്കാം എന്ന അവബോധം ജനങ്ങളില്‍ വളര്‍ത്തുകയാണ് ദിനാചരണത്തിന്റെ ലക്ഷ്യം. വിദ്യാര്‍ത്ഥികള്‍ക്കായി വിവിധ മത്സരങ്ങള്‍, മൂന്നു ദിവസത്തെ പരിശീലന പരിപാടികള്‍ എന്നിവയും ദിനാചരണത്തോടനുബന്ധിച്ച് നടക്കും. ഒക്ടോബര്‍ 13നാണ് അന്താരാഷ്ട്ര ദുരന്ത ലഘൂകരണ ദിനം.
ഒക്ടോബര്‍ 12 ന് രാവിലെ 10.30ന് ജില്ലാ കളക്ടര്‍ എസ്.സുഹാസ് ‘കരുതല്‍ കാലം’ ഉദ്ഘാടനം ചെയ്യും. വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് ഉദ്ഘാടനം ചെയ്യുക. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോളി കുര്യാക്കോസ് ആമുഖ പ്രഭാഷണം നടത്തും. ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ എന്‍.ആര്.വൃന്ദാദേവി, ഫാ. പോള്‍ നെടുംപുറം എന്നിവര്‍ പങ്കെടുക്കും.
തുടര്‍ന്ന് 11.30 ന് ഓണ്‍ലൈന്‍ പരിശീലന പരിപാടി ആരംഭിക്കും. ദുരന്തനിവാരണ അവലോകനം എന്ന വിഷയത്തില്‍ കെ.എസ്.ഡി.എം.എ ഹസാര്‍ഡ് ആന്റ് റിസ്ക് അനലിസ്റ്റ് ജി.എസ്.പ്രദീപ് ക്ലാസെടുക്കും. 12.15ന് അപകട സാധ്യതയും അപകട സാധ്യത വിലയിരുത്തലും എന്ന വിഷയത്തില്‍ എറണാകുളം ജില്ലാ ഹസാര്‍ഡ് അനലിസ്റ്റ് അഞ്ജലി പരമേശ്വരന് ക്ലാസുകള്‍ നയിക്കും. 12 ന് രാവിലെ 11ന് നടക്കുന്ന പരിശീലന പരിപാടിയില്‍ ദുരന്ത നിവാരണത്തില്‍ സന്നദ്ധ പ്രവര്‍ത്തകരുടെ പങ്ക് എന്നതിനെക്കുറിച്ച് സ്ഫിയര്‍ ഇന്ത്യ സ്റ്റേറ്റ് പ്രൊജക്ട് കോഡിനേറ്റര്‍ വിജീഷ് സംസാരിക്കും. തുടര്‍ന്ന് ഹസാര്‍ഡ് അനലിസ്റ്റ് റോണു മാത്യു കോവിഡിനൊപ്പമുള്ള ജീവിതം എന്നതിനെക്കുറിച്ചും വിവരിക്കും. കാലാവസ്ഥാ വ്യതിയാനങ്ങള്‍ സൃഷ്ടിക്കുന്ന പ്രധാന സംഭവങ്ങള്‍ 13ന് രാവിലെ 11ന് നടക്കുന്ന പരിശീലന പരിപാടിയില്‍ ഫഹദ് മര്‍സൂക്ക് ചര്‍ച്ച ചെയ്യും. 11.45ന് ഇന്‍സ്റ്റിറ്റിയൂഷണല്‍ ഫ്രയിം വര്‍ക്ക് എന്ന വിഷയത്തില്‍ ആലപ്പുഴ ഹസാര്‍ഡ് അനലിസ്റ്റ് ചിന്തു ചന്ദ്രന് ക്ലാസ് നയിക്കും.
സ്വയം തയാറാക്കിയ കോവിഡ് ബോധവത്കരണ വീഡിയോ മത്സരങ്ങളും വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ചിട്ടുണ്ട്. 6നും 10 നും ഇടക്ക് പ്രായമുള്ള കുട്ടികള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. വീഡിയോ ദൈര്‍ഘ്യം പരമാവധി മൂന്ന് മിനിറ്റ്. ദുരന്തവും അതിജീവനവും എന്ന വിഷയത്തിലാണ് ചിത്രരചനാ മത്സരം നടക്കുന്നത്. പ്രായപരിധി 11 നും 14 നും ഇടയില്‍. വീഡിയോ, ചിത്രരചനാ മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ 12 ന് രാവിലെ 10 മണിക്ക് മുമ്പായി drrekm2020@gmail.com എന്ന മെയിലിലോ 7902200300 വാട്സ് ആപ് നമ്പറിലോ രചനകള്‍ അയക്കാം. 13 ന് ക്വിസ് മത്സരം നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 9400021077, 1077, 0484-2423777 എന്ന നമ്പറുകളില്‍ ബന്ധപ്പെടണം.

