ചാലക്കുടി: കനത്ത മഴയില്‍ ഒഴുകിയെത്തുന്ന ചാലക്കുടി പുഴയിലെ മലവെള്ളത്തെ തുഴയെറിഞ്ഞ് മുന്നേറുന്ന അറുപത്തഞ്ചുകാരി എരയാങ്കുടിയിലെ ഓമന ഗോപി അഭിമാനമാണ്. പുഴ നിറഞ്ഞു കവിഞ്ഞ് തൊട്ടടുത്തുള്ള പാടശേഖരങ്ങളിലേയ്ക്കും വെള്ളം കയറിയപ്പോള്‍ താന്‍ എന്ത് ചെയ്യുമെന്നയാരുന്നില്ല, വീട്ടിലെ കന്നുകാലികള്‍ക്ക് കൊടുക്കാന്‍ പുല്ലില്ല എന്ന ആധി മാത്രമായിരുന്നു അറുപത്തഞ്ചു വയസ്സുള്ള ഓമനച്ചേച്ചിയുടെ മനസ്സില്‍.
ചുറ്റുവട്ടത്തെ പാടത്തു നിന്നും പുല്ലറുത്താണ് ഓമന ഗോപി പതിവായി വീട്ടിലെ പശുക്കള്‍ക്കു കൊടുത്തിരുന്നത്. പതിവുപോലെ അരിവാളുമെടുത്ത് പുല്ലരിയാനെത്തിയപ്പോള് വെള്ളം നിറഞ്ഞു കവിഞ്ഞു കിടക്കുകയാണ് പാടത്ത്. അവിടെയാണെങ്കില്‍ പരിചയക്കാരായ കുട്ടികള്‍ തോണി തുഴഞ്ഞു രസിക്കുന്നു. രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല ഓമനയ്ക്ക്. പിള്ളേരോട് തന്റെ ആവശ്യം വിളിച്ചു പറഞ്ഞു. പുല്ലരിയാന്‍ പോകാന്‍ തോണി കൊടുക്കാമോ എന്ന ഓമനയുടെ ചോദ്യം കേട്ട പിള്ളേര് ആദ്യമൊന്നമ്പരന്നു. വല്യമ്മയുടെ ധൈര്യം കണ്ട് കുട്ടികള്‍ തോണി വിട്ടുകൊടുത്തു.
യാതൊരു കൂസലുമില്ലാതെ പുല്ലു നില്ക്കുന്ന ലക്ഷ്യസ്ഥാനം നോക്കി വേഗത്തില്‍ തുഴയെറിഞ്ഞു പോകുന്ന വല്ല്യമ്മ കുട്ടികള്‍ക്ക് കൗതുകവും ധൈര്യത്തിന്റെ പ്രതീകവുമായി. ഇതോടെ കുട്ടികള്‍ ഓമന ഗോപി തോണി തുഴയുന്ന വീഡിയോയെടുത്ത് സോഷ്യല്‍ മീഡിയയില്‍ ഇട്ടു. കണ്ടു നിന്നവരെപ്പോലും ഞെട്ടിച്ചു കളഞ്ഞ ഓമനയുടെ ഈ പ്രായത്തിലുമുള്ള അസാമാന്യ ധൈര്യം മണിക്കൂറുകള്‍ക്കുള്ളില്‍ വൈറലായി മാറി.
നാട്ടിലിപ്പോള്‍ താരമായി മാറിയ ഓമനയ്ക്ക് ഇതേക്കുറിച്ച് പറയാനുള്ളത് ഇത്രമാത്രം. ചെറുപ്പത്തില്‍ വഞ്ചി തുഴഞ്ഞുള്ള ശീലമുണ്ട്. ആ ധൈര്യത്തിലാണ് കുട്ടികളോട് വഞ്ചി ചോദിച്ചത്. പുല്ലരിയാന്‍ ചെന്നപ്പോള്‍ കുട്ടികള്‍ കളിച്ചുരസിക്കുന്നതു കണ്ടു. അപ്പോഴാണ് ചെറുപ്പത്തിലേ ഓര്‍മ്മയില്‍ വഞ്ചിതുഴയാനുള്ള ആഗ്രഹം മനസ്സില്‍ മുളപൊട്ടിയത്. വര്‍ഷങ്ങള്‍ക്കു ശേഷമാണ് തുഴ കൈയ്യില്‍ എടുത്തത്. തനിയേ ഇത്രയും ദൂരം നന്നായി ഈ പ്രായത്തിലും തുഴഞ്ഞു പോകാനാകുമെന്നു താനും കരുതിയില്ലെന്നാണ് നാട്ടിലെ താരം പറയുന്നത്.
കൂവപ്പടി ജി. ഹരികുമാർ


