2026 നെ വരവേല്‍ക്കാനൊരുങ്ങി ലോകം. സംസ്ഥാനത്ത് ഏറ്റവും വലിയ ആഘോഷം നടക്കുന്ന ഫോര്‍ട്ട് കൊച്ചിയില്‍ ഉള്‍പ്പെടെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി. കോവളം, ഫോര്‍ട്ട് കൊച്ചി, കോഴിക്കോട് ബീച്ച് ഉള്‍പ്പെടെ പ്രധാന കേന്ദ്രങ്ങളില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഫോര്‍ട്ട് കൊച്ചിയില്‍ പരേഡ് ഗ്രൗണ്ടിന് പുറമേ ഇക്കുറിയും വെളി മൈതാനത്ത് പാപ്പാഞ്ഞിയെ കത്തിച്ച് പുതുവര്‍ഷത്തെ വരവേല്‍ക്കും. മൂന്നാറില്‍ ഹോംസ്റ്റേകളില്‍ ഉള്‍പ്പെടെ ഇതിനകം ബുക്കിങ്ങ് നിറഞ്ഞ് കഴിഞ്ഞു. ഡല്‍ഹിയിലും മുംബൈയിലും ചെന്നൈയിലും വിപുലമായ ന്യൂഇയര്‍ ആഘോഷങ്ങളാണ് നടക്കുന്നത്.
റോഡുകളിൽ വാഹനം പാർക്ക് ചെയ്യുന്നത് ഒഴിവാക്കി നിർദിഷ്ട പാർക്കിങ് മേഖലകളിൽ വാഹനങ്ങൾ പാർക്ക് ചെയ്യണം. വൈപ്പിൻ ഭാഗത്തു നിന്നും റോറോ ജങ്കാർ വഴി ഫോർട്ട് കൊച്ചിയിലേക്ക് വാഹനങ്ങൾ വൈകിട്ട് നാല് വരെയും ആളുകളെ ഏഴ് വരെയും മാത്രമേ കടത്തിവിടുകയുള്ളൂ. അതിനു ശേഷം ഫോർട്ട് കൊച്ചിയിൽ നിന്നും മടങ്ങുന്നവർക്ക് മാത്രമേ റോറോ ജങ്കാർ സൗകര്യം ഉപയോഗിക്കാൻ കഴിയുകയുള്ളു.
വൈപ്പിനിൽ നിന്നും ഫോർട്ടുകൊച്ചിയിൽ നിന്നും നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ബസ് സർവീസുകൾ ക്രമീകരിച്ചിട്ടുണ്ട്. ബസുകൾ പുലർച്ചെ മൂന്നു വരെ സർവീസ് നടത്തും. മെട്രോ റെയിൽ പുലർച്ചെ രണ്ട് വരെയും വാട്ടർ മെട്രോ പുലർച്ചെ നാലുവരെയും പ്രവർത്തിക്കും. കൂടാതെ കൊച്ചി ഫീഡർ ബസുകളുടെ സേവനവും ലഭ്യമായിരിക്കും.


