തിരുവനന്തപുരം: മലപ്പുറം പരാമർശത്തെക്കുറിച്ചുള്ള ചോദ്യത്തിന് മാധ്യമപ്രവർത്തകരോട് പ്രകോപിതനായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ചാനൽ മൈക്കുകൾ തട്ടിമാറ്റിയാണ് വെള്ളാപ്പള്ളി പ്രതികരിച്ചത്. ശേഷം അവിടെ നിന്ന് വെള്ളാപ്പള്ളി കാറിൽ കയറിപോവുകയായിരുന്നു. വർഗീയ വാദിയാണെന്ന ആരോപണങ്ങളുമായി ബന്ധപ്പെട്ട ചോദ്യത്തിൽ മലപ്പുറത്തെക്കുറിച്ച് താൻ പറഞ്ഞത് ശരിയായ കാര്യമാണെന്നും മലപ്പുറം അടക്കമുള്ള മലബാറിലെ മൂന്ന് ജില്ലകളിൽ എസ്എൻഡിപിക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങാൻ കഴിയുന്നില്ലെന്നും വെള്ളാപ്പള്ളി ആവർത്തിച്ചു. എസ്എൻഡിപിക്ക് സ്ഥലമൊക്കെയുണ്ടെന്നും എന്നാൽ അനുമതി കിട്ടുന്നില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
CPI ചതിയൻ ചന്തുവാണെന്നും പത്തുവർഷം കൂടെ നിന്നിട്ടും മുഖ്യമന്ത്രിയെ തള്ളിപ്പറഞ്ഞെന്നും SNDP യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. വിമർശിക്കേണ്ടത് പാർട്ടിക്കുള്ളിൽ ആണ് അല്ലാതെ പുറത്തുനിന്നിട്ടല്ല ഇങ്ങനെ വിമർശിക്കേണ്ടത്. മൂന്നാമതും പിണറായി വിജയൻറെ നേതൃത്വത്തിലുള്ള സർക്കാർ തന്നെ അധികാരത്തിൽ വരുമെന്ന് വെള്ളാപ്പള്ളി ആവർത്തിച്ചു. മുന്നോക്കക്കാരൻ മുഖ്യമന്ത്രിക്കൊപ്പം വാഹനത്തിൽ പോയാൽ ആരും മിണ്ടില്ല താൻ പിന്നോക്കക്കാരൻ ആയതുകൊണ്ടാണ് മാധ്യമങ്ങളടക്കം ഇങ്ങനെ വിമർശിക്കുന്നതെന്നും വെള്ളാപ്പള്ളി നടേശൻ പ്രതികരിച്ചു.


