സെക്രട്ടറിയേറ്റിന് മുന്നിലെ രാപ്പകല്‍ സമരം അവസാനിപ്പിക്കാന്‍ ആശമാര്‍. സമര രീതി മാറ്റി ജില്ലകളിലേക്ക് സമരം കേന്ദ്രീകരിക്കാനും ധാരണയായി. സര്‍ക്കാരിന്റെ പുതിയ പ്രഖ്യാപനം സമര നേട്ടമെന്നാണ് വിലയിരുത്തുന്നത്. ഇന്ന് എട്ടരയ്ക്ക് നിര്‍ണായക പ്രഖ്യാപനമെന്ന് സമര നേതാവ് എം എ ബിന്ദു പറഞ്ഞു. സമരം തീരുമോ എന്ന കാര്യത്തിലും ഇന്ന് എട്ടരയ്ക്ക് പ്രഖ്യാപനം ഉണ്ടാകും.
പോരാട്ടങ്ങളിലൂടെ മാത്രമേ എല്ലാ അവകാശങ്ങളും നേടിയിട്ടുള്ളൂവെന്ന് ആശാ സമരസമിതി പ്രതിനിധി എം എ ബിന്ദു പ്രതികരിച്ചു. സമരത്തെ അപഹസിക്കാൻ ശ്രമിച്ചവർ ഒട്ടേറെയുണ്ട്. പക്ഷേ സ്ത്രീയും മുന്നേറ്റത്തിലൂടെയാണ് വിജയം ഉണ്ടായത്. പട്ടിണിക്ക് എതിരായ സമരമായിരുന്നു ആശമാരുടേത്. സമരത്തിന്റെ രൂപം മാറുന്നു എന്നേയുള്ളൂ. മിനിമം കൂലി എന്നാവശ്യം അംഗീകരിക്കും വരെ സമരം തുടരുമെന്നും എം എ ബിന്ദു കൂട്ടിച്ചേർത്തു.
ആശമാരുടെ ഓണറേറിയം 1000 രൂപ വര്‍ധിപ്പിച്ചത് സമര വിജയമായി തന്നെയാണ് ആശ സമരസമിതി വിലയിരുത്തുന്നത്. എന്നാല്‍ ആവശ്യങ്ങള്‍ പൂര്‍ണമായി അംഗീകരിക്കാത്ത സാഹചര്യത്തിലാണ് ജില്ലകളില്‍ സമരം തുടരാന്‍ തീരുമാനിച്ചത്.


