ഒരു പെരുമഴക്കാലത്തിന്റെ നോവായി ആ അമ്മയുടെയും നാടിന്റെയും മനസ്സില്‍ വീണ മായാത്ത മുറിപ്പാട്. അതിനെ മായ്ക്കാന്‍ ആകില്ലെങ്കിലും ഒപ്പമുണ്ടെന്ന് ഉറപ്പുനല്‍കിയ സര്‍ക്കാരിന്റെ വാക്ക് പാലിക്കപ്പെടുകയാണ്. അതിന് ഇനി അവശേഷിക്കുന്നത് വെറും രണ്ടുദിവസം… ആമയിഴഞ്ചാൻതോട്ടിൽ മുങ്ങിമരിച്ച റെയില്‍വേ കരാര്‍ തൊഴിലാളി ജോയിയുടെ ഓര്‍മകള്‍ നിറഞ്ഞൊരു വീട്. മാരായമുട്ടം ചുള്ളിയൂര്കോണത്തുവിളാകത്താണ് ജോയിയുടെ അമ്മയ്ക്കായി കോര്‍പറേഷനും ജില്ലാ പഞ്ചായത്തും വീടൊരുക്കിയത്. റോഡിനോട് ചേര്‍ന്ന സ്ഥലത്ത് നിര്‍മിച്ച വീട്ടില്‍ രണ്ട് മുറിയും അടുക്കളയും ഹാളുമുണ്ട്. വീടിനോട് ചേര്‍ന്ന് കിണറും നിര്‍മിച്ചു. ഇത് സംബന്ധിച്ച് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പ് വൈകാരികമായി. സ്വന്തമായി ഒരു വീടെന്ന ആ അമ്മയുടെ സ്വപ്നം യാഥാർത്ഥ്യമാകുമ്പോൾ, ഒരു ജനപ്രതിനിധി എന്ന നിലയിൽ ഇന്ന് ഏറ്റവും സന്തോഷകരമായ ചടങ്ങാണ് നടക്കുന്നതെന്ന് മേയർ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. മേയർ ആര്യ രാജേന്ദ്രൻ്റെ ഫേസ്ബുക്ക് കുറിപ്പ്
“2024 ജൂലൈ 13 എന്ന ദിനം എൻ്റെ ഓർമ്മകളിൽ എന്നും മായാതെ നിൽക്കുന്ന ഒന്നാണ്. ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടെ അപകടത്തിൽപ്പെട്ട് ഒഴുക്കിൽപ്പെട്ട റെയിൽവേ കരാർ തൊഴിലാളിയായ ജോയിയുടെ ജീവൻ രക്ഷിക്കുവാനായി സർക്കാരിൻ്റെയും നഗരസഭയുടെയും മുഴുവൻ സംവിധാനങ്ങളും മുന്നിൽനിന്ന് പ്രവർത്തിച്ചു. എന്നാൽ, ദൗർഭാഗ്യവശാൽ ജോയിയെ രക്ഷിക്കാൻ നമുക്ക് കഴിഞ്ഞില്ല.”
“ആ ദുരന്ത സമയത്ത്, ജോയിയുടെ അമ്മയെ സംരക്ഷിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന സമീപനം കൈക്കൊള്ളാനാണ് തീരുമാനിച്ചത്. ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരം ജോയിയുടെ അമ്മയ്ക്ക് ഒരു ഭവനം നിർമ്മിച്ചു നൽകുവാൻ തീരുമാനിക്കുകയായിരുന്നു. ഇതിൻ്റെ ഭാഗമായി, ജില്ലാ പഞ്ചായത്ത് വാങ്ങി നൽകിയ സ്ഥലത്ത് വീട് നിർമ്മിക്കുന്നതിനായി 2025 മാർച്ച് 26 ന് തറക്കല്ലിട്ടു.””നിർമ്മാണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കി, ഇന്ന് ജോയിയുടെ അമ്മയ്ക്ക് വീടിൻ്റെ താക്കോൽ കൈമാറുകയാണ്. ഒരു ജനപ്രതിനിധി എന്ന നിലയിൽ, ഏറ്റവും സന്തോഷകരമായ ചടങ്ങാണ് ഇന്ന് നടക്കുന്നത്. സ്വന്തമായി ഒരു വീടെന്ന സ്വപ്നം യഥാർത്ഥ്യമാകുമ്പോൾ ആ അമ്മയുടെ സന്തോഷത്തിനൊപ്പം ഞാനും പങ്കുചേരുകയാണ്. ഈ പ്രവർത്തനത്തിൻ്റെ ഭാഗമായ എല്ലാവർക്കും നന്ദി അറിയിക്കുന്നു…”


