തിരുവനന്തപുരം: ബസുകളിലും ഹെവിവാഹനങ്ങളും സീറ്റ് ബെല്‍റ്റും ക്യാമറയും നാളെ മുതല്‍ നിര്‍ബന്ധമാക്കിയതില്‍ നിന്ന് ഗതാഗതവകുപ്പ് പിന്നോട്ട്. നവംബര്‍ ഒന്നിന് ശേഷം ഫിറ്റ്നസിന് ഹാജരാക്കുന്ന വാഹനങ്ങള്‍ക്കാണ് നിബന്ധനയെന്ന് ഗതാഗതവകുപ്പ് പുതിയ ഉത്തരവിറക്കി. സ്വകാര്യ ബസ് സംഘടനകള്‍ ഓലപാമ്പ് കാട്ടിയത് കണ്ട് സര്‍ക്കാര്‍ പേടിച്ചതോ ആനയ്ക്ക് ചങ്ങല ഇല്ലാത്തതോ ഇളവിന് കാരണമെന്ന് വിലയിരുത്തല്‍.
കെഎസ്ആര്‍ടിസിയും സ്വകാര്യ ബസുകളും ഉള്‍പ്പെടെ എല്ലാ ഹെവി വാഹനങ്ങളുടെയും ഡ്രൈവര്‍ക്കും മുന്‍ സീറ്റില്‍ യാത്ര ചെയ്യുന്നവര്‍ക്കും നവംബര്‍ ഒന്ന് മുതല്‍ സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാണെന്നായിരുന്നു ആദ്യ ഉത്തരവ്. ഇതിലാണ് നേരിയ മാറ്റം വരുത്തി നടപ്പാക്കാന്‍ തീരുമാനിച്ചിട്ടുള്ളത്. നാളെ മുതല്‍ എല്ലാ വാഹനങ്ങളിലും നിര്‍ബന്ധമാണെന്നതിന് പകരം ഉത്തരവ് നാളെ മുതല്‍ പ്രാബല്യത്തില്‍ വരുമെന്നാണ് ഇപ്പോള്‍ പറയുന്നത്. അതായത് നാളെ മുതല്‍ ഫിറ്റ്നസിന് ഹാജരാകുന്ന ഹെവി വാഹനങ്ങള്‍ സീറ്റ് ബെല്‍റ്റും ക്യാമറും ഉറപ്പാക്കണം. എങ്കിലേ ഫിറ്റ്നസ് സര്‍ട്ടിഫിക്കേറ്റ് ലഭ്യമാക്കു.
കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ പോകുന്ന കെഎസ്ആര്‍ടിസി മാനേജ്മെന്റ് ഇതിനുള്ള തുക ഉടന്‍ കണ്ടെത്താനാവില്ലെന്ന് ഗതാഗത വകുപ്പിനെ അറിയിച്ചതായും സൂചനയുണ്ട്. ചുരുക്കത്തില്‍ എല്ലാ ഹെവിവാഹനങ്ങളിലും ക്യാമറയും സീറ്റ് ബെല്‍റ്റും ഉറപ്പാക്കാന്‍ മാസങ്ങള്‍ എടുക്കും. ഡീസല്‍ ഓട്ടോറിക്ഷകള്‍ ഹരിത ഇന്ധനങ്ങളിലേക്ക് മാറാനുള്ള കാലപരിധി 22 വര്‍ഷമായി ദീര്‍ഘിപ്പിക്കാനും ഗതാഗതവകുപ്പ് ഉത്തരവിട്ടു.