തിരുവനന്തപുരം: അറബിക്കടലിലെ തീവ്ര ന്യൂനമർദ്ദം, ചുഴലിക്കാറ്റായി മാറിയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ശക്തമായ കാറ്റും മഴയും തുടരും. 40 മുതൽ 50 കീലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശിയേക്കും. കേരള തീരത്ത് ശനിയാഴ്ച വരെ മീൻപിടുത്തം പൂർണ്ണമായും നിരോധിച്ചു.
ശ്രീലങ്കൻ തീരത്ത് രൂപപ്പെട്ട്, ലക്ഷദ്വീപ് ഭാഗത്തേക്ക് നീങ്ങുന്ന തീവ്രന്യൂനമർദ്ദം അടുത്ത 24 മണിക്കൂറിനുള്ളിൽ അതിതീവ്രമാകും. ലക്ഷദ്വീപിന് കുറുകെ സഞ്ചരിച്ച് ഇത് മഹാ എന്ന് പേരുള്ള ചുഴലിക്കാറ്റായി മാറിയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ശനിയാഴ്ച ചുഴലിക്കാറ്റ് കൂടുതൽ ശക്തി പ്രാപിക്കും. ഇതിന്റെ പ്രഭാവത്തിൽ ശനിയാഴ്ച സംസ്ഥാനത്ത് മണിക്കൂറിൽ 90 കിലോ മീറ്റർ വേഗതയിൽ വരെ കാറ്റ് വീശാൻ സാധ്യതയുണ്ട്.


