വിനോദയാത്രയക്ക് പോയ ദമ്പതികൾ സഞ്ചരിച്ച കാര്‍ കര്‍ണാടകയിലെ മാണ്ഡ്യയ്ക്കടുത്ത് വച്ച് ടാങ്കർ ലോറിയിടിച്ച് കണ്ണൂര്‍ സ്വദേശികളായ നാല് പേര് മരിച്ച സംഭവം ഞെട്ടലോടെയാണ് സഞ്ചാരികളുള്‍പ്പെടെയുള്ളവര്‍ കേട്ടത്. നിർത്തിയിട്ട ടാങ്കർ ലോറിയുടെ പിന്നിൽ കാർ ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ കണ്ണൂര്‍ കൂത്തുപറമ്പ സ്വദേശികളായ ദമ്പതികളാണ് മരിച്ചത്. ഇപ്പോള്‍ സംഭവത്തിന്റെ ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിരിക്കുന്നു. ഈ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ്.
നിര്‍ത്തിയിട്ടിരിക്കുന്ന ടാങ്കറിനു പിന്നിലേക്ക് കാര്‍ ഇടിച്ചു കയറുന്ന ദൃശ്യങ്ങളാണ് വീഡിയോയില്‍. ഇടിയുടെ ആഘാതത്തില്‍ നിര്‍ത്തിയിട്ടിരുന്ന ലോറി മുന്നോട്ട് നിരങ്ങി നീങ്ങുന്നത് വീഡിയോയില്‍ കാണാം. ലോറിയുടെ അടിയില്‍ കാര്‍ പെട്ടുപോയെന്നും വീഡിയോയില്‍ വ്യക്തമാണ്.
അപകടത്തില്‍ കൂത്തുപറമ്പ് പൂക്കോട്കുന്നപ്പാടി ഈക്കിലിശ്ശേരി സ്വദേശി ജയദീപ് (31), ഭാര്യ ജ്ഞാന തീർത്ഥ (28), സുഹൃത്തായ വീഡിയോ ഗ്രാഫർ കിരൺ (32), ഭാര്യ ചൊക്ലി യു പി സ്കൂൾ സംസ്കൃതം അധ്യാപിക ജിൻസി (27) എന്നിവരാണ് മരിച്ചത്.
വ്യാഴാഴ്ച പുലർച്ചെ രണ്ടോു മണിയോടെ മാണ്ഡ്യ മദ്ദൂരിലാണ് അപകടം. ചൊവ്വാഴ്ച ബാംഗ്ലൂരിലെത്തി ട്രിപ്പിനു ശേഷം നാട്ടിലേക്ക് മടങ്ങിയ ഇവരുടെ കാർ അപകടത്തിൽപ്പെടുകയായിരുന്നു. റോഡരികിലെ പെട്രോൾ പമ്പിന് സമീപം നിർത്തിയിട്ട പെട്രോൾ ടാങ്കർ ലോറിയുടെ പിന്നിലേക്ക് കാർ ഇടിച്ചുകയറുകയായിരുന്നു. ടാങ്കർലോറിയുടെ അടിയിലേക്കു കയറിപ്പോയ കാർ പൂർണമായും തകർന്നിരുന്നു. മൂന്നുപേർ അപകടസ്ഥലത്തും ഒരാൾ ആശുപത്രിയിലേക്കു കൊണ്ടുപോകും വഴിയുമാണ് മരിച്ചത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് കരുതുന്നത്.


