കോഴിക്കോട്: കേരളത്തില്‍ വിദേശ സര്‍വകലാശാലകളുടെ പേരില്‍ വ്യാജ ഡോക്ടറേറ്റ് വ്യാപകമാകുന്നു. തമിഴ്നാട് ആസ്ഥാനമായാണ് ഇവയില്‍ പലതിന്‍റേയും പ്രവര്‍ത്തനം. 25,000 രൂപ നല്‍കിയാല്‍ ഡോക്ടറേറ്റ് നല്‍കുന്ന ഓണ്‍ലൈന്‍ യൂണിവേഴ്സിറ്റികള്‍ വരെ പ്രവര്‍ത്തിക്കുന്നുണ്ട്.
സര്‍വ്വകലാശാലകളുടെ ആസ്ഥാനം ഉത്തര കൊറിയ, ജര്‍മ്മനി, കാനഡ, യു എസ്എ തുടങ്ങിയ രാജ്യങ്ങളിലാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് തട്ടിപ്പ്. ചെന്നൈ, ബാംഗ്ലൂര്‍, നേപ്പാളിലെ കാഠ്മണ്ഡു തുടങ്ങിയ ഇടങ്ങളിലെ പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ നടക്കുന്ന ചടങ്ങില്‍ വച്ചായിരിക്കും ഡോക്ടറേറ്റ് സമ്മാനിക്കുക.
വ്യവസായികളേയും അധ്യാപകരേയും ലക്ഷ്യം വച്ചാണ് ഓണ്‍ലൈനില്‍ മാത്രമുള്ള സര്‍വകലാശാലകള്‍ പ്രവര്‍ത്തിക്കുന്നത്. സാധാരണ ഏതെങ്കിലും ഒരു മേഖലയിലെ പ്രശംസനീയ സേവനം പരിഗണിച്ചാണ് സര്‍വകലാശാലകള്‍ ഓണററി ഡോക്ടറേറ്റ് നല്‍കാറുള്ളത്. എന്നാല്‍ ഏജന്‍റുമാര്‍ക്ക് പണം നല്‍കിയാല്‍ ഓണററി ഡോക്ടറേറ്റ് തയ്യാര്‍. 25,000 മുതല്‍ മൂന്ന് ലക്ഷം രൂപവരെയാണ് ഈടാക്കുന്നത്.
സംസ്ഥാന വിദ്യാഭ്യാസ വകുപ്പിലെ ചില ഉന്നത ഉദ്യോഗസ്ഥര്‍ വരെ ഇത്തരത്തില്‍ പണം നല്‍കി വ്യാജ ഡോക്ടറേറ്റുകള്‍ നേടിയിട്ടുണ്ട് എന്നാണ് വിവരം. തമിഴ്നാട് ആസ്ഥാനമായുളളവരാണ് ഇത്തരം യൂണിവേഴ്സിറ്റികള്‍ക്ക് പിന്നിലെന്ന് തട്ടിപ്പ് പുറത്ത് കൊണ്ട് വരാന്‍ പരിശ്രമിക്കുന്ന കൂട്ടായ്മ പറയുന്നു.
വിദേശങ്ങളില്‍ പലയിടങ്ങളിലും ഉണ്ടെന്ന് പറയുന്ന യൂണിവേഴ്സിറ്റികളുടെ വെബ്സൈറ്റിലെ വിവരങ്ങള്‍ വരെ തട്ടിപ്പാണ്. ഒരു യൂണിവേഴ്സിറ്റിയുടെ വെബ്സൈറ്റില്‍ കൊടുത്തിരിക്കുന്ന വൈസ് ചാന്‍സലറുടെ പേര് ഡോ. ആഡം ജുന്‍ എന്നാണ്. യഥാര്‍ത്ഥത്തില്‍ ഇദ്ദേഹം വിയറ്റ്നാം ജപ്പാന് യൂണിവേഴ്സിറ്റിയിലെ ഫ്രൊഫ. ഫുതൂത മോട്ടോയാണ്. രജിസ്ട്രാറും ഫിനാന്‍സ് കണ്‍ട്രോളറും അടക്കമുള്ള വിവരങ്ങളെല്ലാം പേര് ഉള്‍പ്പടെ വൈസ് ചാന്‍സലറുടെ വിവരങ്ങള്‍ എല്ലാം വ്യാജമാണ്.


