തിരുവനന്തപുരം: പാതിരാത്രിയിൽ ബൈക്കിലെത്തിയ സംഘം എസ് എഫ് ഐ നേതാക്കളുടെ വീടിന് നേരെ ആക്രമണം നടത്തി.
ധനുവച്ചപുരം വിറ്റി എം എൻ എസ് എസ് കോളേജിലെ എസ് എഫ് ഐ നേതാക്കളായ കല്ലിയൂർ ആർ സി ചർച്ചിന് സമീപം സച്ചിൻ, വിഴിഞ്ഞം ചൊവ്വര അരുൺ ഭവനിൽ ആര്യ എന്നിവരുടെ വീടുകള്‍ക്ക് നേരെയാണ് ആക്രമണം നടന്നത്.

ആര്യയുടെ വീട്ടിന്റെ ജനാലകളുടെ പാളികളും മുൻവശത്തെയും പിൻവശത്തെയും വാതിലുകളും അടിച്ചു തകർത്ത അക്രമികൾ വീടിന് മുന്നിൽ സൂക്ഷിച്ചിരുന്ന രണ്ടു ബൈക്കുകളും അടിച്ചു തകർത്തു.
കഴിഞ്ഞ കുറെക്കാലമായി ധനുവച്ചപുരം കോളേജിൽ എസ് എഫ് ഐ – എ ബി വി പി സംഘർഷം നിലനിൽക്കുകയാണ്. ഇതിന്റെ തുടർച്ചയാകാം ഇന്നലെ നടന്ന അക്രമമെന്നും പൊലീസ് കരുതുന്നു.
കാര്യവട്ടം യൂണിവേഴ്സിറ്റി ക്യാമ്പസിൽ നടക്കുന്ന കലോത്സവത്തിൽ പങ്കെടുക്കുന്നതിനാൽ സംഭവ സമയം ആര്യ വീട്ടിലുണ്ടായിരുന്നില്ല. ആര്യയുടെ മാതാപിതാക്കളും ഭർത്താവും സഹോദരനും വീട്ടിലുണ്ടായിരുന്നെങ്കിലും വധഭീഷണി മുഴക്കിയ ശേഷം അക്രമികൾ മടങ്ങുകയായിരുന്നുവത്രെ.
കല്ലിയൂരിൽ സച്ചിന്റെ വീടിന്റെ ജനാല ഗ്ലാസ്സുകൾ പൂർണ്ണമായും അടിച്ചു തകർത്ത അക്രമി സംഘം മുൻവാതിലിന്റെ പൂട്ട് അടിച്ചു തകർക്കാൻ കഴിയാതെ വന്നപ്പോൾ വാതിൽ വെട്ടുകത്തികൊണ്ട് വെട്ടിപ്പൊളിക്കുകയായിരുന്നു. എന്നിട്ടും അക്രമികൾക്ക് വാതിൽ തുറക്കാൻ കഴിയാത്തതിനാലാണ് സംഭവ സമയം വീടിനകത്തുണ്ടായിരുന്ന മാതാവും അനുജനും താനും രക്ഷപ്പെട്ടതെന്ന് സച്ചിൻ പറഞ്ഞു.


