തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കെപിസിസി രാഷ്ട്രീയകാര്യസമിതി ഇന്ന് യോഗം ചേരും. വൈകീട്ട് മൂന്നിനാണ് യോഗം. കെപിസിസി പുന:സംഘടനയും ചര്‍ച്ച ചെയ്യും.ശബരിമല പ്രശ്നവും വനിതാ മതിലിനെതിരായ പ്രചാരണങ്ങളും ചര്‍ച്ചക്ക് വരാനുള്ള സാധ്യതയുമുണ്ട്. നേരത്തെ, പൊതു തെരഞ്ഞെടുപ്പിന് മുമ്പ് കെപിസിസി പുനസംഘടന നടത്താനുള്ള തീരുമാനം കഴിഞ്ഞ രാഷ്ട്രീയകാര്യസമിതി യോഗത്തില്‍ തീരുമാനമായിരുന്നു. ഇതനുസരിച്ച് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ചയും നടത്തി.
മുന്‍ വര്‍ഷങ്ങളിലേത് പോലെ ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പുള്ള സ്ഥാനാര്‍ഥി നിര്‍ണയം ഇത്തവണയും കോണ്‍ഗ്രസ് നേതൃത്വത്തിന് കീറാമുട്ടിയായി മാറുന്നുണ്ട്. അന്തരിച്ച നേതാക്കളുടെ മക്കള്‍ക്ക് പാര്‍ട്ടി പദവിയും ലോക്സഭാ സീറ്റും നല്‍കുന്നതിനെതിരെ യൂത്ത് കോണ്‍ഗ്രസ് മുന്‍ ഭാരവാഹികള്‍ നേതൃത്വത്തിന് പരാതി നല്‍കിയിരുന്നു.


