കണ്ണൂർ : കണ്ണൂർ സർവകലാശാല വൈസ് ചാൻസലറിന്റെ പുനർനിയമനം ചോദ്യം ചെയ്തുള്ള ഹർജിയിൽ സുപ്രീം കോടതി ഇന്ന് വിധി പറയും. ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനം ചോദ്യം ചെയ്തുള്ള ഹർജിയിലാണ് വിധി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് വിധി പറയുന്നത്. രാവിലെ 10.30നാണ് വിധി പുറപ്പെടുവിക്കുക. കണ്ണൂർ സർവകലാശാല സെനറ്റ് അംഗം ഡോ. പ്രേമചന്ദ്രൻ കീഴോത്ത്, അക്കാദമിക് കൗൺസിൽ അംഗം ഷിനോ പി ജോസ് എന്നിവരാണ് ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനം ചോദ്യം ചെയ്ത് സുപ്രീം കോടതിയെ സമീപിച്ചത്.
കഴിഞ്ഞ തവണ ഈ കേസുകൾ പരിഗണിച്ചപ്പോൾ വലിയ രീതിയിലുള്ള വിമർശനങ്ങളും നിരീക്ഷണങ്ങളും സുപ്രീം കോടതിയുടെ ഭാഗത്തുനിന്നുണ്ടായിരുന്നു. പ്രധാനമായും വിസി പുനർനിയമനത്തിന് യോഗ്യത മാനദണ്ഡം പാലിക്കണമന്ന് സുപ്രീം കോടതി കഴിഞ്ഞ തവണ പറഞ്ഞിരുന്നു. അന്തിമവാദം കേൾക്കുന്നതിനിടയിൽ 60 വയസ് കഴിഞ്ഞവരെ വിസിയായി എങ്ങനെ പുനർനിയമിക്കാനാകുമെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ചോദിച്ചിരുന്നു. അതേസമയം പുനർനിയമനത്തിന് പ്രായപരിധി ചട്ടം ബാധകമല്ലെന്നാണ് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ വാദിച്ചത്.

