കണ്ണൂരിലെ കെൽട്രോൺ കോംപണന്റ് കോപ്ലക്സിൽ ഇന്ത്യയിലെ ആദ്യത്തെ സൂപ്പർ കപ്പാസിറ്റർ നിർമാണ പ്ലാൻ്റ് മുഖ്യമന്ത്രി പിണറായി വിജയൻ നാളെ ഉദ്ഘാടനം ചെയ്യും. രാവിലെ 9.30നാണ് ചടങ്ങുകൾ ആരംഭിക്കുന്നത്. കല്ല്യാശ്ശേരി കെൽട്രോണിൽ നടക്കുന്ന ചടങ്ങിൽ വ്യവസായ, നിയമ വകുപ്പ് മന്ത്രി പി രാജീവ് അധ്യക്ഷത വഹിക്കും. എം വിജിൻ എംഎൽഎ അധ്യക്ഷനാവും.
ആദ്യഘട്ടം 18 കോടി രൂപയും മൊത്തം 42 കോടി രൂപയും മുതൽ മുടക്കുള്ള ഈ പദ്ധതി ഇന്ത്യയിലെ ആദ്യത്തെ സൂപ്പർകപ്പാസിറ്റർ ഉൽപ്പാദന കേന്ദ്രം സ്ഥാപിക്കാൻ വേണ്ടിയുള്ളതാണ്. ഇതിൽ ആദ്യഘട്ടം പൂർത്തിയായതിന്റെ ഉദ്ഘാടനമാണ് ഇപ്പോൾ നടക്കുന്നത്. പുതിയ സാങ്കേതികവിദ്യയുടെ വികസനത്തിനായി കെൽട്രോൺ പ്രധാന കേന്ദ്രസർക്കാർ ഗവേഷണ സ്ഥാപനങ്ങളായ ഐസ്ആർഒ, സിഎംഇടി, എൻഎംആർഎൽ (ഡിആർഡിഒ) എന്നിവയുമായി വർഷങ്ങളായി സഹകരിച്ചു വരികയാണ്. ഐസ്ആർഒയുടെ സാങ്കേതിക സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.


