തിരുവനന്തപുരം: കേരളാ യൂണിവേഴ്സിറ്റിയിലെ പോരുമായി ബന്ധപ്പെട്ട് പ്രശ്ന പരിഹാരത്തിന് വീണ്ടും ഉന്നതവിദ്യാഭ്യാസ മന്ത്രിയുടെ ഇടപെടൽ. വിസി മോഹനൻ കുന്നുമ്മലുമായി മന്ത്രി ആർ ബിന്ദു ഫോണിൽ സംസാരിച്ചു. എന്നാൽ രജിസ്ട്രാർ സസ്പെൻഷൻ അംഗീകരിക്കാതെ വിട്ടുവീഴ്ചയില്ലെന്ന് വിസി പ്രതകരിച്ചു. വിസി യൂണിവേഴ്സിറ്റി യൂണിയൻ ഫണ്ടായി പത്ത് ലക്ഷം രൂപ അനുവദിച്ചു. മിനി കാപ്പൻ ശുപാർശ ചെയ്ത ഫയൽ ആണ് അംഗീകരിച്ചത്. അനിൽ കുമാർ അയച്ച ഫയൽ വിസി നേരത്ത തള്ളിയിരുന്നു.
ഇതിനിടെ, രജിസ്ട്രാർ അനിൽ കുമാറിന് ഫയൽ നൽകരുതെന്ന്ച്ച് വിസി മോഹനൻ കുന്നുമ്മേൽ ഇന്നലെ വീണ്ടും നിർദേശം നൽകി. ഫയൽ കൈമാറിയാൽ ചട്ടലംഘനമായി കണക്കാക്കുമെന്ന് വിസി മോഹൻ കുന്നുമ്മൽ ഉത്തരവിറക്കി. സസ്പെൻഡ് ചെയ്ത രജിസ്ട്രാർ കെഎസ് അനിൽകുമാറിന്റെ ശമ്പളം തടഞ്ഞു വയ്ക്കാൻ വിസി ഫൈനാൻസ് ഓഫീസർക്ക് നിർദ്ദേശം നൽകിയിരുന്നു. രജിസ്ട്രാറുടെ ഓഫീസ് പൂട്ടണമെന്നും കാർ ഗാരേജിൽ ഇടണമെന്നും വിസി ഉത്തരവ് പുറത്തിറക്കിയിരുന്നു. എന്നാൽ ഉദ്യോഗസ്ഥർ ഇത് നടപ്പാക്കിയില്ല.
സെനറ്റ് ഹാളിൽ നടന്ന സ്വകാര്യ ചടങ്ങിലെ പ്രശ്നങ്ങളാണ് വിസിയും രജിസ്ട്രാറും തമ്മിലുള്ള തർക്കങ്ങൾക്ക് തുടക്കം. ഇതിൻ്റെ ഭാഗമായി കഴിഞ്ഞ ജൂലൈ രണ്ടിനാണ് വിസി രജിസ്ട്രാറെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തത്. എന്നാൽ ജൂലൈ ആറിന് സിൻഡിക്കേറ്റ് അംഗങ്ങൾ അനിൽകുമാറിന്റെ സസ്പെൻഷൻ പിൻവലിക്കുകയും രജിസ്ട്രാറുടെ ചുമതല വീണ്ടും ഏറ്റെടുത്തതായി യൂണിവേഴ്സിറ്റി ഉത്തരവ് ഇറക്കുകയുമായിരുന്നു. ഇതോടെയാണ് വിസിയും രജിസ്ട്രാറും തമ്മിലുള്ള പോര് കനത്തത്.