ഞായറാഴ്ച ശുചീകരണ ദിനമായി ആചരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അഭ്യര്‍ത്ഥിച്ചു. പകര്‍ച്ചവ്യാധി പ്രതിരോധത്തിന്റെ ഭാഗമായിട്ടാണ് ഞായറാഴ്ച്ച പ്രതിരോധ ദിനമായി ആചരിക്കുന്നത്. ഈ തീരുമാനത്തില്‍ ജനങ്ങളും പങ്കാളികളാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അഭ്യര്‍ത്ഥിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സാമൂഹിക സന്നദ്ധ സംഘടനകളും റസിഡന്റ്സ് അസോസിയേഷനുകളുമെല്ലാം ഈ പരിപാടിയില്‍ സജീവമായി പങ്കെടുക്കണമെന്നും സര്‍ക്കാര്‍ രൂപീകരിച്ച് സാമൂഹിക സന്നദ്ധ സേനയിലെ അംഗങ്ങളും ഈ പ്രവര്‍ത്തനത്തില്‍ പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ്-19 പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ നില നില്ക്കുന്നതുകൊണ്ട് ആരോഗ്യവകുപ്പിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ടു വേണം ഈ പ്രവര്‍ത്തനം വിജയിപ്പിക്കാന്‍. പകര്‍ച്ചവ്യാധികള്‍ തടയാന്‍ നമ്മുടെ ചുറ്റുപാട് വൃത്തിയായിരിക്കേണ്ടത് അനിവാര്യമാണ്. കൊതുകുജന്യ രോഗങ്ങള്‍ തടയുന്നതിന് ശുചീകരണദിനമായ ഞായറാഴ്ച ഡ്രൈ-ഡേ ആയും ആചരിക്കണം.
വീട്ടിലും പരിസരത്തും കെട്ടിക്കിടക്കുന്ന വെള്ളമാണ് കൊതുകു വര്‍ധിക്കാന്‍ ഇടയാക്കുന്നത്. അതെല്ലാം ഒഴുക്കിക്കളയാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ടെറസ്, പൂച്ചട്ടികള്‍, പരിസരങ്ങളില്‍ അലക്ഷ്യമായി ഇടുന്ന ടയര്‍, കുപ്പികള്‍, ഫ്രിഡ്ജിന് പിറകിലെ ട്രേ എന്നിവയിലെ വെള്ളം മുഴുവന്‍ ഒഴിവാക്കണം. റബ്ബര്‍ തോട്ടങ്ങളില്‍ ചിരട്ടകളിലെ വെള്ളം ഒഴിവാക്കി അവ കമഴ്ത്തിവെക്കണം. കൊവിഡ്-19 ഭീഷണി നിലനില്ക്കുമ്പോള് മഴക്കാല പകര്‍ച്ചവ്യാധികളുടെ നിയന്ത്രണത്തിന് കൂടുതല്‍ പ്രാധാന്യമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.


