തിരുവനന്തപുരം: വിമാനത്താവളം കേന്ദ്രീകരിച്ച് നടന്ന സ്വര്‍ണക്കടത്ത് കേസില്‍ പ്രതികളെന്നു കണ്ടെത്തിയവര്‍ അന്തരിച്ച വയലിനിസ്റ്റ് ബാലഭാസ്ക്കറിന്റെ മാനേജര്‍മാരായിരുന്നുവെന്ന വിധത്തില്‍ മാധ്യമ വാര്‍ത്തകള്‍ ഇന്നലെ പുറത്തുവന്നിരുന്നു.
ഈ വാര്‍ത്തകള്‍ തള്ളി ഭാര്യ ലക്ഷ്മി ബാലഭാസ്ക്കര്‍ രംഗത്തെത്തി. വാര്‍ത്ത വ്യാജമാണെന്നും മാധ്യമങ്ങളില്‍ നടക്കുന്ന പ്രചരണങ്ങള്‍ അപകീര്‍ത്തികരമാണെന്നും വേദനാജനകമാണെന്നും ലക്ഷ്മി പറഞ്ഞു. ബാലഭാസ്ക്കറിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് ലക്ഷ്മിയുടെ കുറിപ്പ്.
തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണ്ണക്കടത്ത് കേസില്‍ അറസ്റ്റിലായ ഇടനിലക്കാരായ വിഷ്ണു, പ്രകാശ് തമ്പി എന്നിവര്‍ക്ക് അന്തരിച്ച വയലിനിസ്റ്റ് ബാലഭാസ്കറുമായി ബന്ധമുണ്ടെന്ന വിധത്തിലായിരുന്നു വാര്‍ത്തകള്‍. ഈ പ്രചരണമാണ് ലക്ഷ്ണി തിരുത്തി പറഞ്ഞത്. പ്രചാരണം വാസ്തവ വിരുദ്ധമാണെന്നും ചില പ്രാദേശിക പ്രോഗ്രാമുകളുടെ കോര്‍ഡിനേഷന്‍ മാത്രമാണ് ഇവര്‍ നടത്തിയിരുന്നതെന്നും ലക്ഷ്മി ബാലഭാസ്കര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.
ചെയ്ത ജോലിക്കുള്ള പ്രതിഫലവും ഇവര്‍ക്ക് നല്‍കിയിരുന്നുവെന്നും ഇതല്ലാതെ മറ്റ് ഔദ്യോഗികമായ ഒരു കാര്യങ്ങളിലും ഇവര്‍ക്ക് യാതൊരു പങ്കും ഉണ്ടായിരുന്നില്ലെന്നും ലക്ഷ്മി വ്യക്തമാക്കി. ഈ പേരുകാര്‍ക്കൊപ്പം ബാലഭാസ്കറിന്റെ പേര് അപകീര്‍ത്തികരമായ നിലയില്‍ മാധ്യമങ്ങളില്‍ വരുന്നുണ്ട്.
ഇവ സൃഷ്ടിക്കുന്ന വേദന താങ്ങാവുന്നതിലും അധികമാണ് ലക്ഷ്മി പറയുന്നു. അത്തരം പരാമര്‍ശങ്ങളൊഴിവാക്കണമെന്ന് അഭ്യര്‍ത്ഥിച്ചു കൊണ്ടാണ് ഫേസ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്.
അതേസമയം തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണ്ണക്കടത്തു കേസില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. പ്രകാശ് തമ്ബി കള്ളക്കടത്തിലെ പ്രധാനിയാണെന്നാണ് പുറത്തുവരുന്ന വിവരം. ഇയാള്‍ വിദേശത്ത് നിന്നും 25 കിലോ സ്വര്‍ണം കൊണ്ടു വന്നിട്ടുണ്ടെന്നും അഭിഭാഷകനായ ബിജു മനോഹര്‍ കൈമാറുന്ന സ്വര്‍ണം കള്ളക്കടത്ത് സംഘത്തിലെ മലപ്പുറം സ്വദേശി ഹക്കീമിന് എത്തിക്കുന്നത് പ്രകാശാണെന്നും തെളിഞ്ഞിട്ടുണ്ട്.

