കോട്ടയം: മാന്നാനം സ്വദേശി കെവിൻ ജോസഫിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ഗാന്ധിനഗർ എ.എസ്.ഐയെ ഐ.ജി വിജയ് സാഖറെ സസ്പെൻഡ് ചെയ്തു. കേസിലെ മുഖ്യപ്രതി ഷാനു ചാക്കോയുമായി ബിജു ഫോണിൽ സംസാരിച്ചതിന്റെ ശബ്ദരേഖ പുറത്ത് വന്ന സാഹചര്യത്തിലാണ് സസ്പെൻഷൻ.
മാത്രമല്ല, ഞായറാഴ്ച രാത്രി കോട്ടയത്ത് രാത്രി പട്രോളിംഗിലുണ്ടായിരുന്ന പൊലീസ് ഡ്രൈവറേയും സസ്പെൻഡ് ചെയ്തിട്ടുണ്ട്. കെവിനെ തട്ടിക്കൊണ്ടുപോകാൻ മൂന്നു കാറുകളെലെത്തിയ സംഘത്തെ കോട്ടയത്തുവച്ച് ഞായറാഴ്ച അർദ്ധരാത്രി പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കല്യാണവീട്ടിലേക്കുള്ള വഴിതെറ്റി വന്നതാണെന്ന് ഇവർ പറഞ്ഞെങ്കിലും പൊലീസ് എല്ലാവരുടെയും തിരിച്ചറിയൽ കാർഡുകളും ഡ്രൈവിംഗ് ലൈസൻസുകളും വാങ്ങി പകർപ്പുകളെടുത്ത ശേഷം വിട്ടയക്കുകയായിരുന്നു.


