തിരുവനന്തപുരം: പുറ്റിങ്ങല്‍ വെടിക്കെട്ട് അപകടത്തിന്റെ കുറ്റപത്രത്തിന് ഡിജിപിയുടെ അനുമതി. വെടിക്കെട്ടിന് അനുമതി നല്കിയ ഉദ്യോഗസ്ഥരെ ഒഴിവാക്കിയാണ് ആദ്യ കുറ്റപത്രം. റവന്യൂ- പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം തുടരുകയാണെന്ന് ക്രൈം ബ്രഞ്ച് കോടതിയെ അറിയിക്കും.
110 പേര് കൊല്ലപ്പെടുകയും 300 ലധികം പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ രണ്ടര വര്‍ഷങ്ങള്‍ക്കു ശേഷമാണ് ക്രൈം ബ്രാഞ്ച് കുറ്റപത്രം നല്‍കുന്നത്. അനുമതിയില്ലാതെ മത്സരകമ്പം സംഘടിച്ചവരെയാണ് ആദ്യ കുറ്റപത്രത്തില്‍ പ്രതി ചേര്‍ത്തിരിക്കുന്നത്. പുറ്റിങ്ങല്‍ ക്ഷേത്ര കമ്മിറ്റി ഭാരവാഹികളും മത്സര കമ്പത്തില്‍ പങ്കെടുത്തവരുമായ 59 പേരാണ് പ്രതി പട്ടികയിലുള്ളത്. ഇതില്‍ 7 പേര് മരിച്ചു. 66 വാല്യങ്ങളായുള്ള വലിയ കുറ്റപത്രമാണ് അന്വേഷണം ഉദ്യോഗസ്ഥനായ കൊല്ലം ക്രൈം ബ്രാഞ്ച് എസ്പി ശ്രീധരന് പരിശോധക്കായി ക്രൈം ബ്രാഞ്ച് ആസ്ഥാനത്ത് നല്‍കിയത്. 1500 ലഘികം സാക്ഷികളുണ്ട്. സ്ഫോടനത്തില്‍ പരിക്കേറ്റവരാണ് പ്രധാന സാക്ഷികള്‍.
കൊലപാതകം, സ്ഫോടക വസ്തുക്കള്‍ ഉപയോഗിക്കല്‍ തുടങ്ങി 10 വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. സ്ഫോടക വസ്തു നിയമം ചുമത്തിയിരിക്കുന്നതിനാല്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ കളക്ടറുടെ അനുമതി ക്രൈം ബ്രാഞ്ചിന് വേണം. ദുരന്തമുണ്ടായതിന് ശേഷം കമ്പം സംഘടിപ്പിച്ചവരുടെ ഗോഡൗണുകളില്‍ നിന്നും അനധികൃതമായി സൂക്ഷിച്ചിരുന്ന സ്ഫോടക വസ്തുക്കള്‍ പൊലീസ് പിടിച്ചെടുത്തിരുന്നു. 2016 ഏപ്രില്‍ 10 പുലര്‍ച്ചെ മൂന്നു മണിക്കാണ് കൊല്ലം പരവൂരുള്ള ക്ഷേത്രത്തില്‍ വെടിക്കെട്ട് അപകടമുണ്ടാകുന്നത്.