ഇന്ത്യന്‍ പ്രീമിയല്‍ ലീഗില്‍ വാതുവെയ്പുമായി ബന്ധപ്പെട്ട കേസ് ഡല്‍ഹി പോലീസ് കെട്ടിച്ചമച്ചതാണ് ശ്രീശാന്തിന്റെ ഭാര്യ ഭുവനേശ്വരി കുമാരി. മാത്രമല്ല ബിസിസിഐയ്ക്കും ഡല്‍ഹി പോലീസിനുമെതിരെ ഗുരുതര ആരോപണങ്ങളും ഭുവനേശ്വരി ഉന്നയിക്കുന്നുണ്ട്. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത തുറന്ന കത്തിലൂടെയാണ് ഭുവനേശ്വരിയുടെ പ്രതികരണം. കഴിഞ്ഞ ദിവസം ഒരു ചാനല്‍ റിയാലിറ്റി ഷോയില്‍ വാതുവെയ്പ് കേസുമായി ബന്ധപ്പെട്ട് കടന്നുപോയ ദുരനുഭവങ്ങളെ കുറിച്ച് ശ്രീശാന്ത് കണ്ണീരോടെ തുറന്ന് പറച്ചില് നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ഭാര്യയുടെ ആരോപണങ്ങള്‍.ചെയ്യാത്ത കുറ്റത്തിന്റെ പേരില്‍, കുറ്റവിമുക്തനാക്കപ്പെട്ടിട്ടും ശ്രീ ശിക്ഷയനുഭവിക്കുന്നത് എന്തിനാണ്? ഇനി, അഴിമതിക്കെതിരെ സന്ധിയില്ലാത്ത യുദ്ധത്തിലാണ് അവരെങ്കില്‍ കോടതി നിയോഗിച്ച മുഗ്ധല്‍ കമ്മിറ്റി സീല്‍ ചെയ്ത കവറിലിട്ടു നല്കിയ ആ 13 കളിക്കാരുടെ കാര്യമെന്തായി? എന്തിനാണ് ഇക്കാര്യത്തില്‍ ഇരട്ടത്താപ്പ് കാട്ടുന്നത്? എന്തുകൊണ്ടാണ് ശ്രീ മാത്രം ശിക്ഷിക്കപ്പെടുന്നത്? കുറ്റക്കാരനല്ലെന്ന് വിധി വന്നിട്ടും ഇന്നും നീതിക്കായി അദ്ദേഹം പോരാടേണ്ടി വരുന്നത് എന്തുകൊണ്ടാണ്?- ഭുവനേശ്വരി ചോദിക്കുന്നു.
ഭുവനേശ്വരി കുമാരിയുടെ കത്തിന്റെ പൂര്‍ണരൂപം
പ്രിയപ്പെട്ടവരേ,
ദുഃഖഭാരത്താല്‍ വിങ്ങുന്ന ഹൃദയത്തോടെയാണ് ഞാനിത് എഴുതുന്നത്. തന്റെ ജീവിതത്തിലെ ഏറ്റവും മോശം ദിനങ്ങളെക്കുറിച്ച് ശ്രീ ചിന്തിക്കുകയോ സംസാരിക്കുകയോ ചെയ്യുന്നത് എന്നെ വല്ലാതെ തകര്‍ത്തുകളയുന്നു. ശ്രീയും അദ്ദേഹത്തിന്റെ കുടുംബവും കടന്നുപോയതുപോലുള്ള അനുഭവങ്ങളിലൂടെ മറ്റൊരാള്‍ക്കും പോകാനിട വരാതിരിക്കട്ടെ എന്നു ഞാന്‍ ആഗ്രഹിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്യുന്നു. മൊഹാലിയില്‍ വാതുവയ്പുകാരില്‍നിന്ന് 10 ലക്ഷം രൂപ വാങ്ങി ശ്രീ ഒരു ഓവറില്‍ 14 റണ്‍സ് വിട്ടുകൊടുക്കുകയും ഇതേക്കുറിച്ച് ഒരു ടവ്വല്‍ ധരിച്ച് അവര്‍ക്കു സൂചന നല്‍കുകയും ചെയ്തെന്നാണ് 2013ലെ ഐപിഎല്‍ വാതുവയ്പുകേസില് ഡല്‍ഹി പൊലീസിന്റെ ആരോപണം.
ക്രിക്കറ്റിനെക്കുറിച്ച് ധാരണയുള്ള എല്ലാവര്ക്കും അറിയാം, ആ ഓവറിന്റെ ആദ്യ കുറച്ചു പന്തുകളില്‍ ശ്രീ റണ്‍സ് വിട്ടുകൊടുത്തിട്ടില്ല. നോബോളോ വൈഡോ ആ ഓവറില്‍ എറിഞ്ഞിട്ടില്ല. ആ ഓവറില്‍ 13 റണ്‍സ് പിറന്നത് ക്രീസിലുണ്ടായിരുന്നത് സാക്ഷാല്‍ ആദം ഗില്‍ക്രിസ്റ്റ് ആയിരുന്നതുകൊണ്ടു മാത്രമാണ്. ആ ഓവറിലെ ഓരോ പന്തും കമന്റേറ്റര്‍മാരുടെ പ്രശംസയ്ക്ക് വിധേയമായതാണ്. ആ മല്‍സരത്തിന്റെ കമന്ററി പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും. ഗില്ക്രിസ്റ്റിനേപ്പോലൊരു ബാറ്റ്സ്മാനു മാത്രമേ ഈ പന്തുകള്‍ ബൗണ്ടറി കടത്താനാകൂ എന്ന് അവര്‍ പറയുന്നത് ഓഡിയോയില്‍ വ്യക്തമാണ്.
എന്നും കൂടെയുള്ള അതേ ആവേശത്തോടെയാണ് അന്നും ശ്രീ ബോള്‍ ചെയ്തത്. ടീമിനെ വിജയിപ്പിക്കണമെന്ന ആവേശവും ബോളിങ്ങില്‍ പ്രകടമായിരുന്നു. ആ മല്‍സരം നടക്കുമ്പോള്‍ അന്തരീക്ഷ ഊഷ്മാവ് 48 ഡിഗ്രി സെല്‍ഷ്യസായിരുന്നു. അതുകൊണ്ടുതന്നെ വിയര്‍പ്പ് തുടയ്ക്കാന്‍ എല്ലാവരും തന്നെ ടവ്വല്‍ ധരിച്ചിരുന്നു.
പൊലീസ് വാതുവയ്പുകാരനെന്ന് പറയുന്ന ജിജു, പ്രഫഷണല്‍ രഞ്ജി ട്രോഫി താരവും ഇന്ത്യയ്ക്കായി കളിക്കാന്‍ ആഗ്രഹിച്ചിരുന്ന വ്യക്തിയുമാണ്. അതിനായി ആകുന്ന സഹായമെല്ലാം ശ്രീ അദ്ദേഹത്തിനു ചെയ്തുകൊടുത്തിരുന്നു. ഇരുവരും എംആര്‍എഫ് പേസ് ഫൗണ്ടേഷനില്‍നിന്ന് ആയതിനാല്‍ ഇരുവരും സുഹൃത്തുക്കളായിരുന്നു. ഒപ്പം യാത്ര ചെയ്യുന്നതും പതിവായിരുന്നു.
ശ്രീയെക്കുറിച്ച് അറിയാവുന്ന ആരും ഡല്‍ഹി പൊലീസ് മെനഞ്ഞുണ്ടാക്കിയ ഈ വാതുവയ്പു കഥ വിശ്വസിക്കില്ല. അന്ന് കത്തിനിന്നിരുന്ന നിര്‍ഭയ കേസുമായി ബന്ധപ്പെട്ട് രാജിക്കായുള്ള മുറവിളി ശക്തമായതോടെ സമ്മര്‍ദ്ദത്തിലായ ഡല്‍ഹിയിലെ പൊലീസ് ഓഫിസര്‍ കെട്ടിച്ചമച്ച കേസാണിത്. കേസില്‍ തനിക്കു സംഭവിച്ച വീഴ്ചകള്‍ ജനങ്ങളില്‍നിന്ന് മറയ്ക്കാന്‍ ശ്രീയെ അയാള്‍ ബലിയാടാക്കുകയായിരുന്നു. വാതുവയ്പുമായി ബന്ധപ്പെട്ട് ഉയര്‍ന്ന എല്ലാ ആരോപണങ്ങളില്‍നിന്നും ശ്രീയെ 2015 ജൂലൈയില്‍ കോടതി കുറ്റവിമുക്തനാക്കിയതാണ്.
മറ്റുള്ളവര്‍ക്കായി എല്ലാം വിട്ടുകൊടുക്കുന്നതിലാണ് മഹത്വം എന്ന് എക്കാലവും വിശ്വസിച്ചിരുന്ന ശ്രീയേപ്പോലൊരാള്‍, രാജ്യത്തിനു നാണക്കേടുണ്ടാക്കുന്ന ഇത്തരമൊരു തലത്തിലേക്ക് സ്വയം താഴില്ല. കുറച്ചു ലക്ഷങ്ങള്‍ക്കായി തന്റെ കരിയര്‍ തന്നെ നശിപ്പിക്കുകയുമില്ല. തിരികെയൊന്നും പ്രതീക്ഷിക്കാതെ മറ്റുള്ളവര്‍ക്കായി കൊടുക്കുന്നതായിരുന്നു ശ്രീക്കു ശീലം.
ക്രിക്കറ്റിന് തീര്‍ച്ചയായും പ്രായപരിധിയുണ്ട്. അതുകൊണ്ടുതന്നെ ഇവിടെ വൈകിയ നീതി, നിഷേധിക്കപ്പെട്ട നീതി തന്നെയാണ്. കോടതിയില്‍നിന്ന് ക്ലീന്‍ ചിറ്റ് കിട്ടിയിട്ടും ബിസിസിഐ ഇപ്പോഴും അയയാതെ നില്‍ക്കുകയാണ്. ‘ഒരിടത്തുമാത്രമുള്ള നീതികേട്, എല്ലായിടത്തുമുള്ള നീതിക്ക് ഭീഷണിയാണ്’.
ചെയ്യാത്ത കുറ്റത്തിന്റെ പേരില്‍, കുറ്റവിമുക്തനാക്കപ്പെട്ടിട്ടും ശ്രീ ശിക്ഷയനുഭവിക്കുന്നത് എന്തിനാണ്? ഇനി, അഴിമതിക്കെതിരെ സന്ധിയില്ലാത്ത യുദ്ധത്തിലാണ് അവരെങ്കില്‍ കോടതി നിയോഗിച്ച മുഗ്ധല്‍ കമ്മിറ്റി സീല്‍ ചെയ്ത കവറിലിട്ടു നല്കിയ ആ 13 കളിക്കാരുടെ കാര്യമെന്തായി? എന്തിനാണ് ഇക്കാര്യത്തില്‍ ഇരട്ടത്താപ്പ് കാട്ടുന്നത്? എന്തുകൊണ്ടാണ് ശ്രീ മാത്രം ശിക്ഷിക്കപ്പെടുന്നത്? കുറ്റക്കാരനല്ലെന്ന് വിധി വന്നിട്ടും ഇന്നും നീതിക്കായി അദ്ദേഹം പോരാടേണ്ടി വരുന്നത് എന്തുകൊണ്ടാണ്?
.


