അടിമാലി മണ്ണിടിച്ചിലിൽ കാൽ മുറിച്ചുമാറ്റിയ സന്ധ്യയുടെ ചികിത്സാ ചെലവ് മമ്മൂട്ടി നേതൃത്വം നൽകുന്ന കെയർ ആൻഡ് ഷെയർ ഇൻ്റർനാഷണൽ ഏറ്റെടുക്കും. ഇക്കാര്യം ആശുപത്രി അധികൃതരെ അറിയിച്ചിട്ടുണ്ട്. സന്ധ്യയുടെ സഹോദരൻ സന്ദീപിന്റെ അപേക്ഷ പരിഗണിച്ചാണ് തീരുമാനം.
അപകടത്തിൽ ഭർത്താവ് ബിജു മരിക്കുകയും ഇടതു കാൽമുറിച്ചുമാറ്റുകയും ചെയ്തതോടെ സന്ധ്യയുടെ ജീവിതം പ്രതിസന്ധിയിലായിരുന്നു. മകൻ കാൻസർ മൂലം കഴിഞ്ഞവർഷം മരിച്ചു. നഴ്സിങ് വിദ്യാർഥിനിയായ മകൾ മാത്രമാണ് ഇനിയുള്ള തുണ. നിസ്സഹായരായ ബന്ധുക്കൾ സഹായം തേടി മമ്മൂട്ടിയുടെ കെയർ ആന്റ് ഷെയർ ഫൗണ്ടേഷനെ സമീപിക്കുകയായിരുന്നു. തുടർന്ന് മമ്മൂട്ടി നേരിട്ട് രാജഗിരി ആശുപത്രി അധികൃതരുമായി സംസാരിക്കുകയും ചികിത്സാച്ചെലവുകൾ ഏറ്റെടുക്കാനുള്ള സന്നദ്ധത അറിയിക്കുകയുമായിരുന്നു.
അതേസമയം സന്ധ്യയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ട്. അടിയന്തര ശസ്ത്രക്രിയ നടത്തിയിട്ടും പ്രയോജനമുണ്ടായില്ല. കാലിൽ രക്തയോട്ടം നിലച്ചിരുന്നു അതുകൊണ്ടാണ് ഇടത് കാൽ മുറിച്ചുമാറ്റേണ്ടിവന്നത്. വലതുകാലിൽ പരുക്കേറ്റിരുന്നുവെങ്കിലും അത് ഭേദമായി വരുന്നുണ്ടെന്നും സന്ദീപ് പറഞ്ഞു.


