കക്കൂസ് മാലിന്യം പുഴയിലേക്ക് ഒഴുക്കിയ രണ്ട് സ്ഥാപനങ്ങൾ മൂന്നാറിൽ പൂട്ടിച്ചു. രണ്ട് സ്ഥാപനങ്ങൾക്കും ഒരു ലക്ഷം രൂപ വീതം പിഴയും ഇട്ടു.മൂന്നാർ ടൗണിൽ പ്രവർത്തിക്കുന്ന അൽ ബുഹാരി ഹോട്ടൽ, തങ്കം ഇൻ റിസോർട്ട് എന്നിവയാണ് ആരോഗ്യ വകുപ്പ് അടപ്പിച്ചത്.പ്രദേശവാസികള്‍ നൽകിയ പരാതിയെ തുടർന്നാണ് നടപടിയുണ്ടായത്. പ്രദേശത്ത് ദുർഗന്ധം വമിച്ചതോടെയാണ് നാട്ടുകാർ ആരോഗ്യ വകുപ്പിനെയും പഞ്ചായത്തിനെയും സമീപിച്ചത്.
നല്ലതണ്ണിയാറിലേക്കാണ് ഈ സ്ഥാപനങ്ങൾ കക്കൂസ് മാലിന്യം ഒഴുക്കിയത്. മൂന്നാർ ടൗണിൽ ജിഎച്ച് റോഡിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളാണിത്. ഒരു മാസമായി ഇവിടെ ദുർഗന്ധം ഉണ്ടെന്ന് സമീപവാസികൾ പറയുന്നു. പരിശോധനയിൽ പരാതി ശരിയാണെന്ന് കണ്ടെത്തി. നല്ലതണ്ണിയാർ ഒഴുകിയെത്തുന്നത് മുതിരപ്പുഴയാറിലേക്കാണ്. മുതിരപ്പുഴയാറിലെ വെള്ളം കുടിവെള്ളമായി ഉപയോഗിക്കുന്നുണ്ട്. ആരോഗ്യവകുപ്പിന്റെയും പഞ്ചായത്ത് അധികൃതരുടെയും പരിശോധനകൾക്ക് ശേഷം പ്രശ്നത്തിന് പരിഹാരം കണ്ടെന്ന് ബോധ്യപ്പെട്ടാൽ മാത്രമായിരിക്കും സ്ഥാപനങ്ങൾ ഇനി തുറക്കാൻ അനുമതി നൽകുക.