കോഴിക്കോട്: കോഴിക്കോട് നൂറാംതോടില്‍ മദ്യം കഴിച്ച ആദിവാസി മരിച്ച സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. മരണകാരണം മദ്യം കഴിച്ചതാണെന്ന് സ്ഥിരീകരിക്കാനായില്ലെന്ന് താമരശേരി ഡി വൈ എസ് പി അബ്ദുൾ ഖാദർ പറഞ്ഞു. രാത്രിയിൽ നടത്തിയ പരിശോധനയിൽ കോളനിയിൽ നിന്നും മദ്യം കണ്ടെത്താനായില്ലെന്നും പൊലീസ് വ്യക്തമാക്കി. നൂറാംതോടിന് സമീപം പാലക്കൽ കൊയപ്പതൊടി എസ്റ്റേറ്റിലെ തൊഴിലാളിയായ കൊളമ്പൻ ആണ് ഇന്നലെ രാത്രി മരിച്ചത്. അതേസമയം, മരിച്ച കൊളമ്പനൊപ്പമുണ്ടായിരുന്ന രണ്ട് പേരുടെ നില ഗുരുതരമായി തുടരുകയാണ്.
കൊളമ്പന്റെ ഒപ്പം മദ്യം കഴിച്ച നാരായണൻ, ഗോപാലൻ എന്നിവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൊളമ്പന്റെ മൃതദേഹവും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലാണുള്ളത്. നാരായണനും, ഗോപാലനും, കൊളമ്പനും ചേർന്ന് എസ്റ്റേറ്റിലിരുന്ന് മദ്യപിക്കുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. മദ്യപിച്ച ശേഷം ഇവർ മൂന്ന് വഴിക്ക് പിരിഞ്ഞു. പലയിടത്തായി കുഴഞ്ഞ് വീണ ഇവരെ ആളുകൾ ആശുപത്രിയിലെത്തിക്കുകയായിരുന്നു.


