കോട്ടയം: കെവിന്റെ കൊലപാതകത്തിലെ മുഖ്യപ്രതി സാനു ചാക്കോ, പിതാവ് ചാക്കോ എന്നിവരെ പൊലീസ് പിടികൂടി. കണ്ണൂര്‍ ഇരിട്ടിയില്‍ ഒളിവില്‍ കഴിയുകയായിരുന്ന ഇരുവരും ബംഗളൂരുവിലേക്ക് രക്ഷപ്പെടാന്‍ പദ്ധതിയിട്ടിരുന്നു.
മാന്നാനത്ത് തട്ടിക്കൊണ്ടുപോയ നവവരന്റെ മൃതദേഹം കണ്ടെത്തി ; പുനലൂര്‍ സ്വദേശി അറസ്റ്റില്‍
എന്നാല്‍, പൊലീസ് പിന്തുടരുന്നുവെന്ന് മനസിലാക്കിയ ഇരുവരും കരിക്കോട്ടുകരി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. പിന്നാലെ സ്റ്റേഷനിലെത്തിയ കോട്ടയം ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ഗിരീഷ് പി.സാരഥി, പാലാ ഡിവൈ.എസ്.പി വി.ജി.വിനോദ് കുമാര്‍, ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ഡിവൈ.എസ്.പി. അശോക് കുമാര്‍ എന്നിവരടങ്ങിയ സംഘം രണ്ടുപേരെയും കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. കേസിലെ മറ്റ് പ്രതികളായ റെനീസ്, സലാദ്, അപ്പു, ടിറ്റോ എന്നിവരെ ഇനിയും പിടികൂടാനുണ്ട്.
കേസില്‍ ആകെ 14 പ്രതികളാണുള്ളത്. സംഭവവുമായി ബന്ധപ്പെട്ട് നേരത്തെ ഇടമണ്‍ സ്വദേശികളായ നിയാസ്, റിയാസ്, ഇഷാന് എന്നിവരെ അറസ്റ്റു ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് പ്രതികളെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്. കെവിന് മരിച്ച വിവരം പുറത്ത് വന്നതിന് പിന്നാലെ ഇവര്‍ ഒളിവില്‍ പോയിരുന്നു.
നീനുവിന്റെ വിവാഹ വാര്‍ത്തയറിഞ്ഞ് സഹോദരന് സാനു ചാക്കോ നാട്ടിലെത്തിയത് കെവിനെ കൊല്ലാന്‍ പദ്ധതിയുമായാണെന്ന് പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു. കെവിനെ തട്ടിക്കൊണ്ടു പോകുന്നതിനായി 12 അംഗസംഘത്തെ വിളിച്ചതും മുഖ്യആസൂത്രണം നടത്തിയതും സാനുവാണ്. കെവിനെ കൊന്ന സംഘത്തില്‍ ഉണ്ടായിരുന്നവരില്‍ ഭൂരിഭാഗവും നീനുവിന്റെ ബന്ധുക്കളാണ്. ഇക്കഴിഞ്ഞ 26ന് ഗള്‍ഫില്‍ നിന്ന് പേരൂര്‍ക്കടയിലെ ഭാര്യവീട്ടിലെത്തിയ സാനു ബാഗ് വീട്ടില്‍ വച്ചശേഷം സഹോദരി നീനു കെവിനൊപ്പം പോയതായും അവളെ തിരിച്ചുവിളിക്കാന്‍ പോകുകയാണെന്നും പറഞ്ഞ് ഇറങ്ങിപ്പോകുകയായിരുന്നു. വീട്ടില്‍ നിന്ന് വാഗണ്‍ ആര് കാറുമെടുത്താണ് സാനു പോയത്. നീനുവിനെ തിരികെ വിളിച്ചുകൊണ്ടു വരാന്‍ അച്ഛന് പയ്യന്മാരെ ഏര്‍പ്പാട് ചെയ്തിട്ടുണ്ടെന്നും ഇവളെ തിരിച്ചെത്തിച്ചാലുടന്‍ മടങ്ങി വരുമെന്നുമായിരുന്നു ഭാര്യയോട് പറഞ്ഞിരുന്നത്