വധശിക്ഷ നടപ്പാക്കാനുള്ള സന്ദേശം ജയിലിൽ ലഭിച്ചെന്ന് നിമിഷ പ്രിയ. യമനിലെ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ ശബ്ദ സന്ദേശം ട്വന്റി ഫോറിന് ലഭിച്ചു. ‘സേവ് നിമിഷ പ്രിയ ആക്ഷൻ കൗൺസിലി’നാണ് സന്ദേശം ലഭിച്ചിരിക്കുന്നത്.
‘ജയിലിലെ മെയിൻ ഓഫീസിലേക്ക് ഒരു അഭിഭാഷകയുടെ ഫോൺവിളിച്ചിരിരുന്നു. വധശിക്ഷ നടപ്പാക്കാനുള്ള തീയതി തീരുമാനിച്ചിട്ടുണ്ടെന്നും അതിന്റെ ഓർഡർ ജയിലിൽ എത്തിയിട്ടുണ്ടെന്നും അവർ പറഞ്ഞു. എല്ലാവരും ഒപ്പുവെച്ചതിന് ശേഷമായിരിക്കും ജയിലിലേക്ക് ഓർഡർ എത്തുക. പെരുന്നാളിന് ശേഷം അവരെന്നെ തീർക്കാനുള്ള പരിപാടി ആയിരിക്കുമോ. വളരെ പേടിയോടെയും വിഷമത്തോടെയുമാണ് എന്നോടിപ്പോൾ എല്ലാവരും സംസാരിക്കുന്നത്. എന്തൊക്കെയാ നടക്കുന്നത്’. നിമിഷ പ്രിയ ആക്ഷൻ കൗൺസിലിനയച്ച ശബ്ദ സന്ദേശത്തിൽ പറയുന്നു.
അതേസമയം, നിമിഷ പ്രിയയുടെമോചനത്തിനായി നടത്തുന്ന പ്രവർത്തനങ്ങൾ ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ നടന്നുകൊണ്ടിരിക്കുമ്പോഴാണ് വലിയ ആശങ്കയായി ശബ്ദ സന്ദേശം പുറത്ത് വന്നിരിക്കുന്നത്.
യമന്‍ പൗരനായ തലാല്‍ അബ്ദുള്‍ മഹ്ദിയുടെ മാനസിക-ശാരീരിക പീഡനത്തില്‍ നിന്ന് രക്ഷപ്പെടാനായി മഹ്ദിയെ കൂട്ടുകാരിക്കൊപ്പം ചേർന്ന് കൊലപ്പെടുത്തിയെന്നതാണ് നിമിഷപ്രിയയ്ക്കെതിരേയുള്ള കേസ്. 2017ലായിരുന്നു സംഭവം.


