ഗസ്സ: 2023 ഒക്ടോബർ ഏഴ് മുതൽ ഇസ്രായേൽ ഗസ്സയിൽ നടത്തിയ ആക്രമണത്തിൽ ഫലസ്തീൻ മാധ്യമപ്രവർത്തകരുടെ 706 കുടുംബാംഗങ്ങളെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടെന്ന് ഫലസ്തീൻ ജേണലിസ്റ്റ് സിൻഡിക്കേറ്റ്. സിൻഡിക്കേറ്റിന്റെ ഫ്രീഡംസ് കമ്മിറ്റി ശനിയാഴ്ച വൈകുന്നേരം പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ സൂചിപ്പിക്കുന്നത്. ഫലസ്തീൻ റിപ്പോർട്ടിങ്ങിനെ നിശബ്ദമാക്കുക എന്ന ലക്ഷ്യത്തോടെ നടന്ന ആക്രമണത്തിന്റെ ഭാഗമായമാണിത്. ഇസ്രായേൽ സൈന്യം മാധ്യമപ്രവർത്തകരുടെ കുടുംബങ്ങളെ ആസൂത്രിതമായി ലക്ഷ്യമിടുന്നുണ്ടെന്നും സിൻഡിക്കേറ്റിന്റെ ഫ്രീഡംസ് റിപ്പോർട്ടിൽ പറയുന്നു.
യുദ്ധത്തിന്റെ ഫലമായുണ്ടാകുന്ന മരണങ്ങളായല്ല ഇത്തരം മരണങ്ങളെ കാണേണ്ടതെന്നും മറിച്ച് ആസൂത്രിതമായ ഒരു തന്ത്രമാണിതെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. പത്രപ്രവർത്തകർക്കെതിരായ ഇസ്രായേൽ അതിക്രമങ്ങൾ കൂടുതൽ അപകടകരവും ക്രൂരവുമായ ഒരു മാനം കൈവരിച്ചിരിക്കുന്നുവെന്ന് പത്രപ്രവർത്തക യൂണിയൻ വ്യക്തമാക്കി. ഇത് മാധ്യമപ്രവർത്തകരുടെ കുടുംബങ്ങളെയും ബന്ധുക്കളെയും ലക്ഷ്യംവച്ചുള്ളതാണ്. പത്രപ്രവർത്തനത്തെ ഭാരമാക്കി മാറ്റാനുള്ള വ്യക്തമായ ശ്രമമാണിതെന്ന് യൂണിയൻ പറഞ്ഞു.
2023 മുതൽ 2025 വരെയുള്ള ആക്രമണങ്ങളുടെ രീതി ഗസ്സയിലെ സ്വതന്ത്ര റിപ്പോർട്ടിങ്ങിനെ തകർക്കാനുള്ള ഇസ്രായേൽ ഉദ്ദേശ്യത്തെ തുറന്നുകാട്ടുന്നുവെന്ന് ഫ്രീഡംസ് കമ്മിറ്റി തലവൻ മുഹമ്മദ് അൽ-ലഹാം പറഞ്ഞു. സത്യത്തിനെതിരെ സമഗ്രമായ യുദ്ധം നടത്തുകയാണ് ഇസ്രായേൽ എന്നാണ് ഇത് വെളിപ്പെടുത്തുന്നത്. ക്യാമറയ്ക്കും കുഞ്ഞുങ്ങൾക്കും ഇടയിലോ, പേനയ്ക്കും വീടിനും ഇടയിലോ യാതൊരു വ്യത്യാസവും കാണിക്കുന്നില്ലെന്നും അൽ-ലഹാം കൂട്ടിച്ചേർത്തു. 2023-ൽ ഇസ്രായേൽ സൈന്യം 436 മാധ്യമപ്രവർത്തകരെയും 2024-ൽ 203 പേരെയും ഈ വർഷം കുറഞ്ഞത് 67 പേരെയും കൊലപ്പെടുത്തിയിട്ടുണ്ട്. നിരവധി കുടുംബങ്ങളെ നിർബന്ധമായി മാറ്റിപ്പാർപ്പിക്കുകയും ടെന്റുകളിലും താത്കാലിക ക്യാമ്പുകളിലും അഭയം തേടുകയും ചെയ്തതിനുശേഷവും കൊലപാതകങ്ങൾ തുടർന്നുവെന്നും കമ്മിറ്റി പറഞ്ഞു


