തിരുവനന്തപുരം: ഒറ്റ തന്തയ്ക്ക് പിറന്നവനെന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പ്രയോഗത്തിനെതിരെ വിഭ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. ഫ്യൂഡല്‍ പ്രയോഗമാണിതെന്ന് ചൂണ്ടിക്കാട്ടിയ ശിവന്‍കുട്ടി, ജീവശാസ്ത്രപരമായ അറിവില്ലായ്മയെ കൂടിയാണ് തുറന്നുകാട്ടുന്നതെന്നും വ്യക്തമാക്കി. ഫെയ്സ്ബുക്കിലൂടെയായിരുന്നു മന്ത്രിയുടെ പ്രതികരണം. താന്‍ പറഞ്ഞ വാക്ക് പാലിക്കുന്നവനാണെന്ന് ചൂണ്ടിക്കാട്ടാനായി ഒറ്റ തന്തയ്ക്ക് പിറന്നവനാണെന്ന് സുരേഷ് ഗോപി ആവര്‍ത്തിക്കുന്നതിനിടയിലാണ് ശിവന്‍കുട്ടിയുടെ പ്രതികരണം.
‘ഒറ്റ തന്ത’ എന്ന പ്രയോഗം ഒരു വ്യക്തിയുടെ മാന്യത അളക്കുന്നത് പിതൃത്വത്തെ മാത്രം അടിസ്ഥാനമാക്കിയാണ്. ഇത് അങ്ങേയറ്റം പുരുഷാധിപത്യപരമായ ഒരു കാഴ്ചപ്പാടാണ്. ഇതിലൂടെ ഒരു വ്യക്തിയെ അധിക്ഷേപിക്കുന്നതിനൊപ്പം ആ വ്യക്തിയുടെ അമ്മയെയും സ്ത്രീത്വത്തെയാകെയും അപമാനിക്കുകയാണ് ചെയ്യുന്നതെന്ന് ശിവൻകുട്ടി കുറിപ്പിൽ പറയുന്നുണ്ട്.
കഴിഞ്ഞ ദിവസം ആലപ്പുഴയില്‍ എംയിസ് കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട പ്രസ്താവനയില്‍ സുരേഷ് ഗോപി ‘ഒറ്റ തന്ത’ പ്രയോഗം നടത്തിയിരുന്നു.


