ഫീസ് വർധനയ്ക്കെതിരെ തൃശൂർ മണ്ണൂത്തി സർവകലാശാലയിൽ എസ്എഫ്ഐയുടെ വൻ പ്രതിഷേധം. ഫീസ് വർധന പിൻവലിക്കാതെ ഉദ്യോഗസ്ഥരെ പുറത്തുപോകാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് പ്രതിഷേധക്കാർ. എസ്എഫ്ഐ പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ഫീസ് വർദ്ധന പിൻവലിക്കാതെ ഇന്നത്തെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് എസ്എഫ്ഐ.
കേരള കാർഷിക സർവകലാശാലയിലെ അനധികൃതമായി ഉയർത്തിയ ഫീസ് കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് എസ്എഫ്ഐയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചത്. നിരവധി തവണ പ്രവർത്തകരോട് മടങ്ങിപ്പോകാൻ പൊലീസ് ആവശ്യപ്പെട്ടെങ്കിലും അവർ തയ്യാറാകാത്തതിനെ തുടർന്ന് പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു.
ഡെപ്യൂട്ടി രജിസ്ട്രാറുമായി എസ്എഫ്ഐ നടത്തിയ ചർച്ച പരാജയംപ്പെട്ടു. ഉത്തരവാദിത്തപ്പെട്ട ആരും ചർച്ചയ്ക്ക് തയ്യാറായില്ലെന്ന് എസ്എഫ്ഐ ആരോപിച്ചു. ഫീസ് വർധനവ് ഉണ്ടാകില്ലെന്ന ഉറപ്പ് അട്ടിമറിക്കപ്പെട്ടെന്ന് ആരോപിച്ചാണ് സമരം. പിഎം ശ്രീ പദ്ധതിയിൽ വിദ്യാഭ്യാസ വകുപ്പിനെതിരെ എ ഐ എസ് എഫ്- എ ഐ വൈ എഫ് എന്നിവർ സമരം ശക്തിപ്പെടുത്തുന്നതിനിടയിലാണ് എസ്എഫ്ഐ കൃഷിവകുപ്പിനെതിരായ സമരം.


