ഇടുക്കി ∙ കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ വീണ്ടും മണ്ണിടിച്ചിൽ. അടിമാലിക്ക് പിന്നാലെ പള്ളിവാസലിലാണ് മണ്ണിടിഞ്ഞത്. പള്ളിവാസൽ മൂലക്കടയിലാണ് ദേശീയപാതയുടെ ഒരു ഭാഗം ഇടിഞ്ഞ് താഴ്ഭാഗത്തേക്ക് പതിച്ചത്. ഇന്നലെ രാത്രി പത്തരയോടെയാണ് അപകടം നടന്നതെന്നാണ് വിവരം.
കനത്ത മഴയെ തുടർന്ന് നിർമ്മാണം നടക്കുന്ന ദേശീയപാതയിൽ പലയിടങ്ങളും അപകടാവസ്ഥയിലാണ്. ഇന്നലെ രാത്രിയിൽ പെയ്ത മഴയിലാണ് പള്ളിവാസിലും മണ്ണിടിഞ്ഞ് വീണത്. രാത്രികാല യാത്ര നിരോധിച്ചതിനാൽ വലിയ അപകടം ഒഴിവായി.
ദുരന്തബാധിതർക്ക് നഷ്ടപരിഹാരം പ്രഖ്യാപിക്കാത്തതിൽ വലിയ പ്രതിഷേധമാണ് അടിമാലിയിലുണ്ടായത്. പാതയിലെ മണ്ണ് നീക്കാൻ എത്തിയ ദേശീയ പാത അധികൃതരെ നാട്ടുകാർ തടഞ്ഞു.അനധികൃത നിർമ്മാണം നടത്തി അപകടമുണ്ടാക്കിയവർ തന്നെ നഷ്ടപരിഹാരം പ്രഖ്യാപിക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം


