കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണവുമായി സ്വർണക്കടത്തു കേസിലെ പ്രതികളെ ബന്ധിപ്പിക്കാൻ പര്യാപ്തമായ തെളിവുകളില്ലെന്ന് ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ. സ്വർണക്കടത്തു കേസ് പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് ഇതു സംബന്ധിച്ച റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചത്. സ്വർണക്കടത്തു കേസും ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസും രണ്ടായി പരിഗണിക്കണമെന്നും ബാലഭാസ്കറിന്റെ അടുത്ത സുഹൃത്തുക്കളുടെ സ്വർണക്കടത്ത് ബന്ധമാണ് ഇത്തരത്തിൽ സംശയം ഉയർത്തിയതെന്നും ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു.
ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് ശാസ്ത്രീയമായ തെളിവുകൾ ശേഖരിക്കുകയാണ് ഇപ്പോൾ ചെയ്യുന്നത്. റോഡിന്റെ വിവരം അറിയിക്കാൻ ദേശീയ പാത അതോറിറ്റിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. അപകടം നടക്കുമ്പോൾ റോഡിൽ പ്രകാശം ഉണ്ടായിരുന്നോ എന്ന് അറിയിക്കണമെന്ന് കെഎസ്ഇബിയോടും ആവശ്യപ്പെട്ടിട്ടുണ്ട്. ബാലഭാസ്കറിന്റെയും സ്വർണക്കടത്ത് കേസ് പ്രതികളുടെയും മറ്റും ബാങ്ക് വിവരങ്ങൾ ശേഖരിച്ച് പരിശോധന നടത്തുന്നതിനും നടപടി സ്വീകരിച്ചതായി ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു.
തിരുവനന്തപുരം വിമാനത്താവളത്തിലെ കസ്റ്റംസ് നിഷ്ക്രിയമാണോയെന്നും ഹൈക്കോടതി ആശങ്ക പ്രകടിപ്പിച്ചു.. അഭിഭാഷകനായ ബിജു മോഹൻ ഉൾപ്പെടുന്ന സംഘം ഇതുവഴി 83 തവണ സ്വർണം കടത്തി എന്ന റിപ്പോർട്ട് പരിശോധിക്കുമ്പോഴാണ് കോടതി ആശങ്ക പ്രകടിപ്പിച്ചത്. സ്വർണക്കടത്തു കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് കസ്റ്റംസിന്റെ നിഷ്ക്രിയത്വം ആശങ്കാജനകമാണെന്നു കോടതി വിലയിരുത്തിയത്. സ്വര്‍ണക്കടത്ത് കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന സെറീന ഷാജി സുനില്‍കുമാര്‍ , റാഷിദ് ബിജു എന്നിവരുടെ ജാമ്യാപേക്ഷയാണ് കോടതി ഇന്ന് പരിഗണിച്ചത്.


