തിരുവനന്തപുരം: പ്രളയ സെസ് ജൂണ്‍ ഒന്നു മുതല്‍ നിലവില്‍ വരും. ഇതു സംബന്ധിച്ച് വിജ്ഞാപനം ഇന്നിറങ്ങി. പ്രളയ സെസുമായി ബന്ധപ്പെട്ട ഫയലില്‍ കഴിഞ്ഞ ആഴ്ച മുഖ്യമന്ത്രി ഒപ്പുവെച്ചിരുന്നു. ഉല്‍പ്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും സെസ് ബാധകമാകും.കേരള പുനര്‍നിര്‍മ്മാണത്തിനു പണം കണ്ടെത്താനായിട്ടാണ് പ്രളയ സെസ് ഏര്‍പ്പെടുത്തുന്നത്.
രണ്ടു വര്‍ഷത്തേയ്ക്ക് അടിസ്ഥാന വിലയുടെ ഒരു ശതമാനം സെസ് പിരിക്കാനാണ് തീരുമാനം. ഉല്പന്നങ്ങളുടെ അഞ്ച് ശതമാനത്തിനു മുകളിലേയ്ക്കുള്ള നികുതി സ്ലാബുകളിലായിരിക്കും സെസ്. സിനിമാ ടിക്കറ്റ്, റെയില്‍വേ അടക്കമുള്ള സേവനങ്ങള്‍ക്ക് ഈ സ്ലാബ് ബാധകമായിരിക്കില്ല.
5 ശതമാനത്തിനു മുകളില്‍ ചരക്ക്, സേവന നികുതി (ജിഎസ്ടി) ഈടാക്കുന്ന എല്ലാ സാധനങ്ങള്‍ക്കും ഇതോടെ ജൂണ്‍ മുതല്‍ 1% സെസ് ചുമത്തും. 12%, 18%, 28% ജിഎസ്ടി നിരക്കുകള്‍ക്ക് കീഴില്‍ വരുന്ന 928 ഉല്പന്നങ്ങള്ക്ക് വില ഉയരാം. 100 രൂപയ്ക്ക് മേലെ വിലയുള്ള ഉല്പന്നങ്ങള്ക്കാണ് സെസ് ബാധ്യത ഒരു രൂപ മുതല്‍ വന്നു തുടങ്ങുക.
ബില്ലില്‍ ജിഎസ്ടിക്ക് പുറമേ പ്രളയ സെസും ഇനി രേഖപ്പെടുത്തും. ജിഎസ്ടി 5 ശതമാനത്തില്‍ താഴെയാണെങ്കിലും സ്വര്‍ണം, വെള്ളി ആഭരണങ്ങള്‍ക്ക് 0.25 ശതമാനം സെസ് ചുമത്തിയിട്ടുണ്ട്. ചെറിയ അളവില്‍ സ്വര്‍ണം വാങ്ങുന്നവരെ ഇതു കാര്യമായി ബാധിക്കില്ല. എന്നാല്‍ വിവാഹത്തിനും മറ്റും കൂടുതല്‍ സ്വര്‍ണം വാങ്ങുന്നവര്‍ക്കു മേല്‍ ഭാരമേറും.
ചെറുകിടവ്യാപാരികള്‍ വിറ്റഴിക്കുന്ന സാധനങ്ങളെ പ്രളയ സെസില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. വാര്‍ഷിക വിറ്റുവരവ് ഒന്നരക്കോടിവരെ ഉള്ളവര്‍ക്കാണ് പ്രളയ സെസ് ഒഴിവാക്കിയിട്ടുള്ളത്. സംസ്ഥാനത്തിനകത്തു നടക്കുന്ന ഇടപാടുകള്‍ക്കായിരിക്കും സെസ്സ് ബാധകമാകുക. ജിഎസ്ടി ബാധകമായ സംസ്ഥാനാന്തര ഇടപാടുകള്‍ക്ക് സെസ്സ് ഇല്ല.
രജിസ്ട്രേഷനില്ലാത്തവര്ക്കു നടത്തുന്ന സപ്ലൈക്ക് മാത്രമാണ് പ്രളയ സെസ്സ് ചുമത്തുക. രജിസ്ട്രേഡ് ഇടപാടുകാരുടെ ബില്‍ മുഖേനയുള്ള ഇടപാടുകളില്‍ ഉല്പന്നങ്ങള്ക്കും സേവനങ്ങള്‍ക്കും സെസ്സ് ബാധകമല്ല.സംസ്ഥാനത്തെ പ്രളയാനന്തര പുനര്‍നിര്‍മ്മാണത്തിന് പണം കണ്ടെത്തുന്നതിനായി സെസ് ഏര്‍പ്പെടുത്താന്‍ ബജറ്റില്‍ നിര്‍ദേശമുണ്ടായിരുന്നു. ഏപ്രില്‍ ഒന്നു മുതല്‍ സെസ് പ്രാബല്യത്തില്‍ വരുത്താനായിരുന്നു തീരുമാനമെങ്കിലും തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ മാറ്റിവെക്കുകയായിരുന്നു.

