കാക്കനാട്: ജനാധിപത്യ സമൂഹത്തില്‍ ഏറെ സ്വാധീനം ചെലുത്തുന്ന മാധ്യമങ്ങളുടെ പ്രാധാന്യം വര്‍ദ്ധിക്കും തോറും അതിനുമേലുള്ള കോര്‍പറേറ്റ് നിയന്ത്രണവും വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്നു; ബഹുരാഷ്ട്ര കോര്‍പ്പറേറ്റുകളാണ് മാധ്യമരംഗം കയ്യടക്കിയിരിക്കു ന്നതെന്ന് സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രി ഡോ. ടി.എം. തോമസ് ഐസക് പറഞ്ഞു. കേരള മീഡിയ അക്കാദമിയുടെ മാധ്യമ അവാര്‍ഡുകളുടെയും ബിരുദാനന്തര ഡിപ്ലോമയുടെ സര്‍ട്ടിഫിക്കറ്റുകളുടെയും വിതരണം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൃത്യമായ അജണ്ട വച്ചുകൊണ്ടാണ് കോര്‍പറേറ്റുകളുടെ നീക്കം എന്നതിനാല്‍ തന്നെ വാര്‍ത്താവതരണം വാണിജ്യവത്ക്കരിക്കപ്പെടുന്ന അവസ്ഥയാണ് ഇന്നുള്ളതെന്ന് ഡോ. തോമസ് ഐസക് ചൂണ്ടിക്കാട്ടി. പൊതുമണ്ഡലത്തില്‍ നിലനില്‍ക്കുന്ന വലിയ മത്സരങ്ങളുടെയും സ്വാധീനങ്ങളുടേയും സാഹചര്യങ്ങളോട് പൊരുത്തപ്പെട്ട് എങ്ങനെ മുന്നോട്ടുപോകാം എന്ന് മാധ്യമപ്രവര്‍ത്തകര്‍ ചിന്തിക്കണം. ഏതുതരത്തിലുള്ള നിയന്ത്രണം ഉണ്ടായാലും സ്വതന്ത്രാവകാശം സംരക്ഷിക്കാന്‍ തയ്യാറുണ്ടോ എന്നത് മാധ്യമപ്രവര്‍ത്തകരെ സംബന്ധിച്ച് പ്രധാനമാണ്. വ്യാജവാര്‍ത്താ നിര്‍മ്മിതികളുടെ പശ്ചാത്തലത്തില്‍ മാധ്യമ സാക്ഷരത പകര്‍ന്നു കൊടുക്കാന്‍ മാധ്യമപ്രവര്‍ത്തകരുടെ സംഘടനകള്‍ക്ക് കഴിയണമെന്ന് മന്ത്രി ഓര്‍മ്മിപ്പിച്ചു.ജനാധിപത്യപരമായ സാധ്യതകള്‍ ഉപയോഗപ്പെടുത്തി ജനങ്ങളില്‍ മാധ്യമ സാക്ഷരത ഉണ്ടാക്കിയെടുക്കാന്‍ മാധ്യമ പ്രവര്‍ത്തകര്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
മെട്രോ റെയിലിനായി അക്കാദമി മന്ദിരം പൊളിക്കുന്നതിന് മുന്‍പ് തന്നെ പുതിയ കെട്ടിടത്തിന്റെ പണി തുടങ്ങാനും അക്കാദമിയുടെ ഫെല്ലോഷിപ്പ് പുതിയ സാമ്പത്തിക വര്‍ഷവും തുടരാനുമുള്ള സാമ്പത്തികസഹായം മന്ത്രി വാഗ്ദാനം ചെയ്തു.
അക്കാദമിയില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കി പോകുന്നവര്‍ക്ക് മാനവിക ബോധവും സഹജീവിസ്നേഹവും ഉണ്ടാകണമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച അക്കാദമി ചെയര്മാന് ആര്.എസ്. ബാബു വിദ്യാര്‍ത്ഥികളെ ഓര്‍മ്മിപ്പിച്ചു. തിരുവനന്ത പുരത്ത് മോഡേണ്‍ സ്കില്‍ സെന്റര്‍ ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നതായി ചെയര്മാന് പറഞ്ഞു.
പഠിച്ചതെല്ലാം പ്രയോഗത്തില്‍ വരുത്താന്‍ പറ്റിയ പ്രവര്‍ത്തനരംഗങ്ങള്‍ വിദ്യാര്‍ത്ഥി കള്‍ക്ക് ലഭ്യമാകട്ടെയെന്ന് ചടങ്ങില്‍ അനുഗ്രഹ പ്രഭാഷണം നടത്തിയ പ്രമുഖ സാഹിത്യ കാരിയും അക്കാദമി ഫാക്കല്‍റ്റി അംഗവുമായ ഡോ. എം. ലീലാവതി പറഞ്ഞു.
മികച്ച അന്വേഷണാത്മകറിപ്പോര്ട്ടിനുള്ള ചൊവ്വര പരമേശ്വരന് അവാര്‍ഡ് – എ.എസ്. ഉല്ലാസ്, (മലയാള മനോരമ), മികച്ച ഹ്യൂമന്‍ ഇന്ററസ്റ്റ്സ്റ്റോറിക്കുള്ള എന്‍.എന്‍. സത്യവ്രതന് അവാര്‍ഡ് – വി.പി. നിസാര്‍ (മംഗളം), മികച്ച പ്രാദേശിക പത്രപ്രവര്‍ത്തന ത്തിനുള്ള ഡോ. മൂര്‍ക്കന്നൂര്‍ നാരായണന് അവാര്‍ഡ് – എന്‍.പി. ഹരിദാസ് (മാതൃഭൂമി), മികച്ച എഡിറ്റോറിയലിനുള്ള വി. കരുണാകരന് നമ്പ്യാര്‍ അവാര്‍ഡ് – കെ.എം.സന്തോഷ്കുമാര്‍ (കേരളഭൂഷണം), മികച്ച ന്യൂസ്ഫോട്ടോഗ്രാഫിക്കുള്ള മീഡിയ അക്കാദമിഅവാര്‍ഡ് – മനു ഷെല്ലി, (മെട്രോവാര്‍ത്ത), മികച്ച ദൃശ്യ മാധ്യമപ്രവര്‍ത്തനത്തി നുള്ള കേരള മീഡിയ അക്കാദമി അവാര്‍ഡ് – സലാം പി ഹൈദ്രോസ്, (ഏഷ്യാനെറ്റ് ന്യൂസ്) എന്നിവര്‍ കേരള മീഡിയ അക്കാദമിയുടെ മാധ്യമ പുരസ്കാരം 2016 മന്ത്രിയില്‍ നിന്ന് ഏറ്റുവാങ്ങി.
മികച്ച തിരക്കഥയ്ക്കുള്ള ദേശീയ അവാര്‍ഡ് കരസ്ഥമാക്കിയ സജീവ് പാഴൂരിനെ പി.ടി.തോമസ് എം.എല്‍.എ പൊന്നാടയണിയിച്ചു. സജീവ് പാഴൂരിനുള്ള ഉപഹാരം മന്ത്രി തോമസ് ഐസക് സമ്മാനിച്ചു. മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ച ‘നോ ഹോണ്‍ ഡേ’ സന്ദേശം പകരുന്ന ഹ്രസ്വചിത്രം ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചു. കേരള മീഡിയ അക്കാദമി സെക്രട്ടറി കെ.ജി. സന്തോഷ് ചടങ്ങില്‍ സ്വാഗതം ആശംസിച്ചു. അക്കാദമി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ഡയറക്ടര്‍ ഡോ. എം. ശങ്കര്‍ കോണ്വൊക്കേഷന് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. അക്കാദമി ഫാക്കല്‍റ്റി അംഗങ്ങളായ കെ. ഹേമലത, കെ. അജിത് എന്നിവര്‍ സംസാരിച്ചു.


