സംസ്ഥാനത്ത് സൂര്യാതപ, സൂര്യാഘാത മുന്നറിയിപ്പ് തുടരുന്നു. വരും ദിവസങ്ങളില്‍ ചൂട് കൂടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇടുക്കി, വയനാട് ഒഴികെയുള്ള ജില്ലകളില്‍ ശരാശരിയില്‍ നിന്ന് 3 ഡിഗ്രി വരെ ചൂട് കൂടും. ജാഗ്രതാ നിര്‍ദേശം കര്‍ശനമായി പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടു.

എറണാകുളത്ത് ഡ്യൂട്ടിക്കിടെ പൊലീസുകാരന് സൂര്യാതപമേറ്റു. തോപ്പുംപടി സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ ഭരതനാണ് പൊള്ളലേറ്റത്. കുഴഞ്ഞ് വീണ ഭരതനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആലപ്പുഴയില്‍ ഇന്ന് മാത്രം 14 പേര്‍ക്കാണ് സൂര്യാതപമേറ്റത്.
കേരളം ചുട്ടുപൊള്ളുമ്പോഴും വേനൽ മഴ ഉടൻ പെയ്യില്ലെന്ന സൂചനയാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നൽകുന്നത്. തിരുവനന്തപുരം, കൊല്ലം ആലപ്പുഴ, കോട്ടയം, കോഴിക്കോട് ജില്ലകളിൽ ഉയർന്ന താപനില 36 ഡിഗ്രി സെൽഷ്യസിന് മുകളിലാണ്. പാലക്കാട് 40 ഡിഗ്രിക്ക് മുകളിലും.
ഇടുക്കിയിൽ രാജാക്കാട് സ്വദേശി ബിനു എന്ന കർഷകന് സൂര്യാതപമേറ്റു. കോഴിക്കോട് മുക്കത്ത് 2 പേർക്ക് പൊള്ളലേറ്റു. ചേന്നമംഗല്ലൂർ സ്വദേശി ഇല്യാസിന് പാടത്ത് വച്ച് കഴുത്തിലാണ് പൊള്ളലേറ്റത്. പൊയിൽ സ്വദേശി വർക്കിക്ക് റോഡിലൂടെ നടന്നു പോകുമ്പോഴാണ് സൂര്യാതപമേറ്റത്. ഇരുവരെയും മുക്കം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. 29 വരെ സൂര്യാതപ മുന്നറിയിപ്പ് നീട്ടി.


