കൊല്ലം: ഓച്ചിറയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ രാജസ്ഥാന് പെണ്‍കുട്ടിയേയും പ്രതിയേയും പോലീസ് തിരികെ ഓച്ചിറയില്‍ എത്തിച്ചു. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് രണ്ട് മണിയോടെയാണ് ഇരുവരേയും ഓച്ചിറ പോലീസ് സ്റ്റേഷനില്‍ എത്തിച്ചത്. മുംബൈയില്‍ നിന്നും റോഡുമാര്‍ഗമാണ് എസ്.ഐമാരായ ശിവകുമാര്‍, സാബു എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇവരെ നാട്ടിലെത്തിയത്.

അതേസമയം, പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പ്രതി മുഹമ്മദ് റോഷനെതിനെ പോക്സോ കേസും നിലനില്‍ക്കുമെന്ന് കരുനാഗപ്പള്ളി എ.സി.പി അറിയിച്ചു. രാജസ്ഥാനില്‍ നിന്നും ലഭിച്ച സ്കൂള്‍ രജിസ്റ്റര്‍ രേഖയില്‍ പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയിട്ടില്ല. പെണ്‍കുട്ടിയെ വൈദ്യപരിശോധനക്ക് വിധേയമാക്കിയ ശേഷം പ്രതിക്കെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തുന്ന കാര്യം ആലോചിക്കും. നിലവില്‍ ലഭ്യമായ രേഖകള്‍ പ്രകാരം പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടില്ല. ആ സ്ഥിതിക്ക് പെണ്‍കുട്ടിയുടെ സമ്മതത്തോടെയാണ് പോയതെങ്കിലും പോക്സോ കേസ് നിലനില്‍ക്കുമെന്ന് എ.സി.പി അറിയിച്ചു.
രാജസ്ഥാന് സ്വദേശിനിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയേയും പ്രതി മുഹമ്മദ് റോഷനേയൂം മുംബൈ പന്‍വേലിലുള്ള ചേരിയില്‍ നിന്നാണ് കഴിഞ്ഞ ദിവസം പോലീസ് പിടികൂടിയത്. അവിടെ കോടതിയില്‍ ഹാജരാക്കിയ ശേഷം നാട്ടിലേക്ക് കൊണ്ടുവരികയായിരുന്നു. കരുനാഗപ്പള്ളി എ.സി.പിയുടെ ഓഫീസില്‍ എത്തിച്ച് ചോദ്യം ചെയ്യല്‍ നടത്തിയ ശേഷം ഇരുവരേയും ഓച്ചിറ സ്റ്റേഷനില്‍ എത്തിച്ചു. വൈകാതെ പെണ്‍കുട്ടിയുടെ വൈദ്യപരിശോധന നടത്തും.
അതേസമയം, പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതല്ലെന്നും തങ്ങള്‍ തമ്മില്‍ നാളുകളായി പ്രണയത്തിലായിരുന്നുവെന്നും മുഹമ്മദ് റോഷന് പറയുന്നു. പെണ്‍കുട്ടിയുടെ പ്രായം സംബന്ധിച്ച് വീട്ടുകാര്‍ ഒളിച്ചുകളിക്കുകയാണെന്നും ആധാര്‍ അടക്കമുള്ള വിവരങ്ങള്‍ നല്കാന് തയ്യാറാകുന്നില്ലെന്നും റോഷന്റെ വീട്ടുകാരും ആരോപിച്ചു.


