തിരുവനന്തപുരം: സി.പി.എമ്മിന്റെ തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസ് പരിശോധിക്കാനെത്തിയ വനിതാ പൊലീസ് ഓഫീസര്‍ ചൈത്രാ തെരേസ ജോണിനെതിരെ രൂക്ഷവിമര്‍ശനവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് രംഗത്തെത്തി. സര്‍ക്കാരിന് മുകളില്‍ പറക്കാന്‍ ഒരു പൊലീസ് ഓഫീസറും ശ്രമിക്കരുതെന്ന് കോടിയേരി ആവശ്യപ്പെട്ടു.
എല്ലാ ഓഫീസര്‍മാരും സര്‍ക്കാരിന് വിധേയരായിരിക്കണം. സി.പി.എം ഓഫീസ് റെയിഡ് ചെയ്തത് പ്രശസ്തിക്ക് വേണ്ടിയാണ്. സ്ത്രീ ആയാലും പുരുഷനായും നിയമവ്യവസ്ഥയെ അംഗീകരിക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു. കഴിഞ്ഞ 24ന് രാത്രിയാണ് തിരുവനന്തപുരം മേട്ടുക്കടയിലുള്ള സി.പി.എമ്മിന്റെ ജില്ലാ കമ്മിറ്റി ഓഫീസില്‍ ചൈത്രയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം തിരച്ചില്‍ നടത്താനെത്തിയത്. മെഡിക്കല്‍ കോളേജ് പൊലീസ് സ്റ്റേഷന് ആക്രമണക്കേസിലെ പ്രതി ഒളിവില്‍ കഴിയുന്നുവെന്ന രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു തിരച്ചില്‍. എന്നാല്‍ ഇവിടുന്ന് പ്രതികളെ കണ്ടെത്താന്‍ കഴിയാത്തതോടെ സി.പി.എം പ്രതിരോധവുമായി രംഗത്തെത്തി. ചൈത്രയ്ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.എം നേതൃത്വം സര്‍ക്കാരിന് പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെ ചൈത്രയ്ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയനും ആക്ഷേപം ഉന്നയിച്ചിരുന്നു.

