കോഴിക്കോട്: കോൺഗ്രസ് നേതാവ് എൻ സുബ്രഹ്മണ്യൻ പൊലീസ് കസ്റ്റഡിയിൽ. മുഖ്യമന്ത്രി പിണറായി വിജയനും ഉണ്ണിക്കൃഷ്ണന് പോറ്റിയും ഒരുമിച്ചുള്ള ഫോട്ടോ വക്രീകരിച്ച് സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചെന്ന ആരോപണത്തിൽ ഇയാൾക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. സുബ്രഹ്മണ്യന്റെ വീട്ടിൽ നിന്ന് ചേവായൂർ പൊലീസ് ആണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. സുബ്രഹ്മണ്യനെതിരെ സമൂഹത്തില്‍ കലാപാഹ്വാനം നടത്തിയെന്ന വകുപ്പ് ചുമത്തിയാണ് കേസെടുത്തത്.
താൻ പങ്കുവെച്ചത് യഥാർഥ ചിത്രമാണെന്നും പ്രതിപക്ഷ പ്രവർത്തനത്തെ പ്രതിരോധിക്കാനുമുള്ള ശ്രമമാണ് നടക്കുന്നതെന്നും സുബ്രഹ്മണ്യൻ പ്രതികരിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസ് പങ്കുവെച്ച വീഡിയോയിൽ നിന്നുമെടുത്ത ചിത്രമാണ് താൻ പങ്കുവെച്ചതെന്നും സുബ്രഹ്മണ്യൻ വ്യക്തമാക്കി.
പിണറായി വിജയനും ഉണ്ണിക്കൃഷ്ണൻ പോറ്റിയും തമ്മിൽ ഇത്രമേൽ അഗാധമായ ബന്ധം ഉണ്ടാകാൻ എന്തായിരിക്കും കാരണമെന്ന കാപ്ഷനോടെയാണ് ഇരുവരും ഒരുമിച്ചു നിൽക്കുന്ന ഫോട്ടോകൾ കെപിസിസി രാഷ്ട്രീയകാര്യസമിതി അംഗവും കോഴിക്കോട് ജില്ലിയിലെ മുതിർന്ന നേതാവുമായ എൻ സുബ്രമണ്യൻ പോസ്റ്റിട്ടത്. പ്രചരിപ്പിക്കപ്പെടുന്നത് എഐ ഫോട്ടോയാണെന്ന് സിപിഎം നേതാക്കൾ ആവർത്തിക്കുന്നതിന് പിന്നാലെയാണ് കെപിസിസി രാഷ്ട്രീയ കാര്യസമിതി അംഗം സുബ്രമണ്യനെതിരെ കലാപാഹ്വാനത്തിന് ചേവായൂർ പൊലീസ് കേസെടുത്തത്.


