തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമര്‍ശനവുമായി കെ.പി.സി.സി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് രംഗത്ത്. ജനങ്ങളോട് അല്‍പ്പം പോലും ആദരവ് മുഖ്യമന്ത്രിക്കില്ലെന്നും അഹങ്കാരവും ധാര്‍ഷ്ട്യവും കൈമുതലാക്കി പ്രവര്‍ത്തിച്ച സേച്ഛാധിപതികള്‍ക്ക് ചരിത്രം മാപ്പ് നല്‍കിയിട്ടില്ലെന്ന് മുഖ്യമന്ത്രി തിരിച്ചറിയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രി പിണറായി വിജയന് അധികാരം ഏറ്റെടുത്തത് മുതല്‍ അദ്ദേഹത്തിന്റെ ഭാഷ, സമീപനം, നിലപാട് സമീപനം എല്ലാം സ്റ്റാലിനിസ്റ്റ് സ്വഭാവത്തോട് കൂടിയാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രന് പറഞ്ഞു.
സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്ത രീതിയിലാണ് സര്‍ക്കാര്‍ വനിതാ മതിലിനായി അധികാരദുര്‍വിനിയോഗം നടത്തുന്നത്. ഫാസിസ്റ്റ് സര്‍ക്കാരുകളാണ് ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നത്. ഐ.സി.ഡി.എസ് സൂപ്പര്‍ വൈസര്‍മാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ആശ വര്‍ക്കര്‍മാര്‍, തൊഴിലുറപ്പ് ജീവനക്കാര്‍, സാക്ഷരത പ്രേരക്മാര്‍, എസ്.സി, എസ്.ടി പ്രമോട്ടര്‍മാര്‍ എന്നിവരെ മുഴുവന്‍ ഭീതിയുടെ നിഴലില്‍ നിര്‍ത്തിയാണ് വനിതാ മതിലില്‍ അണിനിരത്താന്‍ ശ്രമിക്കുന്നത്-മുല്ലപ്പള്ളി പറഞ്ഞു.
ഹൈക്കോടതിയില്‍ വനിതാ മതിലുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച സത്യവാങ്മൂലവും സര്‍ക്കാരിന്റെ പ്രവൃത്തിയും തമ്മില്‍ വിദൂര ബന്ധം പോലുമില്ല. കേരള ജനതയുടെ രാഷ്ട്രീയ പ്രബുദ്ധതയെ മുഖ്യമന്ത്രി വെല്ലുവിളിക്കുകയാണ്. നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രിയെയും ജനങ്ങളെയും അദ്ദേഹം പാഠം പഠിപ്പിക്കും. ബംഗാളിലും ത്രിപുരയിലും നേരിട്ട ദയനീയ പരാജയം തന്നെയാണ് കേരളത്തിലെ സി.പി.എമ്മിനെ കാത്തിരിക്കുന്നതെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.


