തിരുവനന്തപുരം: കേരളത്തിലെ ടെലിവിഷൻ ചാനല്‍ ഉടമ കോടികള്‍ കൊടുത്ത് റേറ്റിങ് അനുകൂലമാക്കിയെന്ന് കെടിഎഫ് പ്രസിഡന്റ് ആര്.ശ്രീകണ്ഠൻ നായര്‍ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ പറയുന്നു. യുട്യൂബിലെ കാഴ്ചക്കാരുടെ എണ്ണം കൂട്ടാൻ ഫോൺ ഫാമിങ് നടത്തിയെന്നും പരാതി.
കൈക്കൂലി കൊടുത്ത് ഡാറ്റ തിരിമറി നടത്തുന്നതിനോടൊപ്പം ലോക്കൽ കേബിൾ നെറ്റ് വർക്കുകളിൽ ബാർക്ക് സ്ഥാപിച്ച റേറ്റിംഗ് മീറ്ററുകളുടെ സ്ഥല സൂചികയായി ആ പ്രദേശത്തിൻ്റെ പിൻകോഡ് നമ്പറുകൾ പ്രേംനാഥ് ചാനൽ ഉടമയ്ക്ക് നൽകി. ഇവിടങ്ങളിൽ സ്വാധീനം ചെലുത്തി റേറ്റിംഗ് ഉയർത്താൻ വലിയ ശ്രമങ്ങൾ നടന്നു.
മലേഷ്യ, തായ്ലാൻഡ് എന്നീ രാജ്യങ്ങളിലെ ഫോൺ ഫാമിങ് ഏജൻസികൾക്ക് കോടികൾ നൽകി ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് യൂട്യൂബ് വ്യൂവർഷിപ്പ് ഉയർത്തി റേറ്റിങ് തട്ടിപ്പിന് പശ്ചാത്തലമൊരുക്കിയെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. വടക്കൻ കേരളത്തിലെ ഇരുപതിനായിരത്തോളം വരുന്ന ഒരു കേബിൾ നെറ്റ് വർക്കിൽ ലാൻഡിങ് പേജ് എടുത്ത് റേറ്റിംഗിൽ വൻ വര്‍ധനവുണ്ടാക്കി എന്ന അവകാശ വാദത്തോടെയാണ് ബാർക് തിരിമറി നടത്തിയതെന്നും പരാതിയിൽ പറയുന്നു. ബാര്‍ക് ഉദ്യോഗസ്ഥനും ചാനൽ ഉടമയും തമ്മിലുള്ള ഫോൺ സംഭാഷണത്തിന്റെയും വാട്സാപ്പ് ചാറ്റുകളുടെയും വിശദാംശങ്ങളും പുറത്തുവിട്ടിട്ടുണ്ട്.


