ആലപ്പുഴ: പിഎം ശ്രീ വിവാദത്തിൽ സമയവായ നീക്കം. ചര്‍ച്ചകള്‍ തുടരുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വ്യക്തമാക്കി. മുഖ്യമന്ത്രിയുമായി ആലപ്പുഴയിൽ വെച്ച് ചര്‍ച്ച നടത്തുമെന്നും ബിനോയ് വിശ്വം പറഞ്ഞു. സിപിഐ നേതാക്കളമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷമാണ് ചര്‍ച്ച നടക്കുമെന്ന് ബിനോയ് വിശ്വം അറിയിച്ചത്. ഇന്ന് വൈകിട്ട് 3.30നാണ് മുഖ്യമന്ത്രിയുമായി ബിനോയ് വിശ്വം കൂടിക്കാഴ്ച നടത്തുക.
ചര്‍ച്ച കഴിയുന്നതുവരെ മറ്റു തീരുമാനങ്ങളിലേക്ക് പോകരുതെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ച കഴിഞ്ഞ് സിപിഐ സംസ്ഥാന സെക്രട്ടറിയേറ്റും എക്സിക്യൂട്ടീവ് വീണ്ടും ചേരും.മുഖ്യമന്ത്രി പിണറായി വിജയനും സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബിയും പങ്കെടുക്കുന്ന അടിയന്തര സെക്രട്ടേറിയറ്റ് യോഗം തിരുവനന്തപുരത്ത് ചേര്‍ന്നിരുന്നു. പിഎം ശ്രീ യില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് സെക്രട്ടേറിയറ്റ് തീരുമാനം. പിഎം ശ്രീയുമായി സിപിഐഎം മുന്നോട്ട് പോകാന്‍ തീരുമാനിച്ചു.
അതേസമയം, പിഎം ശ്രീ വിവാദത്തിൽ വിട്ടുവീഴ്ചയില്ലാതെ പോകുമെന്നാണ് റവന്യൂമന്ത്രി കെ രാജൻ വ്യക്തമാക്കിയത്. വിവാദത്തിൽ സിപിഐ നിലപാടിനെ കുറിച്ച് ചോദിച്ചപ്പോൾ പറയേണ്ടതൊക്കെ പറയും എന്നായിരുന്നു മന്ത്രി ക. രാജന്റെ പ്രതികരണം. നിലപാടുകളുള്ള പാര്‍ട്ടിയാണ് സിപിഐ. പാർട്ടിക്ക് പറയാനുള്ളതെല്ലാം പാർട്ടി സെക്രട്ടറി പറയും. കമ്മ്യൂണിസ്റ്റ് പാർട്ടി എടുക്കുന്ന തീരുമാനത്തെക്കുറിച്ച് കൃത്യമായ ധാരണയുണ്ട്. ഒരു കാര്യങ്ങളിലും വിട്ടുവീഴ്ച ഇല്ലാത്ത വിധം മുന്നോട്ട് പോകുമെന്നും കെ രാജൻ കൂട്ടിച്ചേർത്തു.


