എഡിഎം നവീൻ ബാബു ആത്മഹത്യ ചെയ്ത കേസിൽ, പി പി ദിവ്യക്കെതിരെ ചൊവ്വാഴ്ച വരെ നടപടിയുണ്ടാകില്ല. മുൻകൂർ ജാമ്യഹർജിയിൽ ഉത്തരവ് കാത്തിരിക്കുകയാണ് പൊലീസ്. കൈക്കൂലി പരാതി നൽകിയ പ്രശാന്തിനെ ആരോഗ്യവകുപ്പ് സസ്പെൻഡ് ചെയ്യുകയും ദിവ്യയുടെ ഇടപെടൽ സംശയത്തിലാവുകയും ചെയ്തതോടെ, കണ്ണൂരിലെ സിപിഎമ്മും പ്രതിരോധത്തിലാണ്.
എഡിഎം നവീൻ ബാബുവിന്റെ യാത്രയയപ്പ് യോഗം നടന്നിട്ട് പതിനാല് ദിവസമായി. ഏക പ്രതി പി പി ദിവ്യ ഇപ്പോഴും അന്വേഷണസംഘത്തിന് മുന്നിലെത്തിയിട്ടില്ല. തലശ്ശേരി കോടതി മുൻകൂർ ജാമ്യ ഹർജിയിൽ ഉത്തരവ് പറയുക ചൊവ്വാഴ്ചയാണ് . അതുവരെ പൊലീസ് അറസ്റ്റിനില്ല. ഹാജരാകില്ലെന്ന് പി പി ദിവ്യയോട് അടുത്ത കേന്ദ്രങ്ങളും ഇന്നലെ വ്യക്തമാക്കി. ദിവ്യ കണ്ണൂർ ജില്ലയിൽ തന്നെയുണ്ടെന്നാണ് വിവരം. യാത്രയയപ്പ് യോഗ ദിവസത്തെ വിവരങ്ങളറിയാൻ കൂടുതൽ പേരുടെ മൊഴിയെടുക്കുകയാണ് പൊലീസ്. കളക്ടറുടെ ഗൺമാൻ ഉൾപ്പെടെയുളളവരെ ഇന്നലെ കണ്ടു. റവന്യൂ വകുപ്പിന്റെ അന്വേഷണ റിപ്പോർട്ട് ഇതുവരെ മന്ത്രിയുടെ കയ്യിലെത്തിയിട്ടില്ല.


